Site iconSite icon Janayugom Online

ഹോണ്ടുറാസിലെ ജയിലില്‍ കലാപം; 41 സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഹോണ്ടുറാസിൽ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 സ്ത്രീകൾ കൊല്ലപ്പെട്ടു. ജയിലിനുള്ളില്‍ വിവിധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 26 പേര്‍ പൊള്ളലേറ്റും മറ്റുള്ളവർ വെടിയേറ്റും കുത്തേറ്റുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മാര എന്ന തെരുവ് സംഘത്തെ പ്രസിഡന്റ് സിയോമാര കാസ്ട്രോ രൂക്ഷമായി വിമർശിച്ചു. ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാൽപയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ടമാരയിലുള്ള ജയിലിലാണ് സംഭവം. പരിക്കേറ്റ ഏഴ് വനിതാ തടവുകാര്‍ ചികിത്സയിലാണ്. 

ജയിലിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നീക്കങ്ങളാണ് കലാപത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന്റെ ഭാഗാമായാണ് ഈ കലാപമെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിന്നും ഞങ്ങൾ പിന്നോട്ട് പോകില്ലെന്നും ഹോണ്ടുറാസ് ജയിൽ മേധാവി ജൂലിസ വില്യനുവേവ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരോധിത ഉല്പന്നങ്ങളുടെ വില്പന ഉള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ജയിലിനുള്ളില്‍ നടക്കുന്നത്. വിവിധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നതും പതിവാണ്. 2017ന് ശേഷം ഹോണ്ടുറാസിൽ വനിതാ ജയിലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇത്. 2012 ല്‍ കോമയാഗുവയിലെ ജയിലുണ്ടായ കലാപത്തില്‍ 361 തടവുകാരാണ് കൊല്ലപ്പെട്ടത്. 

Eng­lish Summary:prison riot in Hon­duras; 41 women were killed
You may also like this video

Exit mobile version