ഓണക്കാല തിരക്ക് കണക്കിലെടുത്ത് മലയാളികളെ പിഴിയാനൊരുങ്ങി സ്വകാര്യ ബസുകൾ. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാണ് കൊള്ള.
28നാണ് ഒന്നാം ഓണമെങ്കിലും 25 മുതൽ നാട്ടിലേക്ക് വരുന്നതിനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഇതിനായി മുൻകൂട്ടി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് കൊള്ളയടി. ബംഗളൂരു നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തുന്ന ബസുകൾ കുറവായതിനാൽ സീറ്റുകളുടെ പരിമിതി മുതലാക്കിയാണ് നിരക്ക് കൂട്ടുന്നത്. ഓരോ ദിവസവും സൈറ്റുകളിൽ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്.
ബംഗളൂരു-കൊച്ചി സാധാരണ നിരക്ക് 1500–1600 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 2500–3000 രൂപയാണ്. ഇത് ഓണത്തോടടുക്കുമ്പോൾ 5000 രൂപയെങ്കിലും ആകാനാണ് സാധ്യത. വിമാന ടിക്കറ്റ് നിരക്കിലും ഓണമാവുമ്പോൾ രണ്ടും മൂന്നും ഇരട്ടി വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ബംഗളൂരുവിന് 2600 രൂപയായിരുന്നു നിരക്ക്.
ട്രെയിൻ ടിക്കറ്റ് ഒരുതരത്തിലും കിട്ടാത്ത അവസ്ഥയിലാണ്. വെയ്റ്റിങ് ലിസ്റ്റില്‍ ബുക്ക് ചെയ്യുന്നവരുമുണ്ട്. ഓണത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടുന്നതിനായി നാട്ടിലെത്തണമെങ്കിൽ വൻതുക ചെലവഴിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് മലയാളികൾ. അതുകൊണ്ട് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഈ കാലയളവിൽ സർവീസ് നടത്തണമെന്നും സ്വകാര്യ ബസുകളുടെ കൊള്ളയടി തടയാൻ സർക്കാർ ഇടപെടണമെന്നുമാണ് മലയാളികളുടെ ആവശ്യം. കൂടുതൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
English Summary: Private buses to squeeze Malayalees during Onam
You may also like this video