Site iconSite icon Janayugom Online

ബിഎസ്എൻഎല്ലിനെതിരെ കൈകോര്‍ത്ത് സ്വകാര്യ കമ്പനികളും കേബിൾ ഓപ്പറേറ്റർമാരും

ബിഎസ്എൻഎല്ലിനെ ഇല്ലാതാക്കാൻ സ്വകാര്യ കമ്പനികൾ കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിക്കുന്നതായി ആരോപണം. ഒരു വിഭാഗം കേബിൾ ഓപ്പറേറ്റർമാർ ബിഎസ്എൻഎല്ലിനെ ഒഴിവാക്കി സ്വകാര്യ കമ്പനികളുടെ കണക്ഷനുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുവെന്നാണ് ആരോപണം.

ബിഎസ്എൻഎല്ലിന്റെ ലാൻഡ് ലൈന്‍ കണക്ഷനുകൾ നൽകുന്നതിൽ ചില ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ (എൽസിഒ) മനഃപൂർവം കാലതാമസം വരുത്തുകയാണെന്ന ആക്ഷേപങ്ങളുമുണ്ട്. മൊബൈൽഫോണുകളുടെ വരവോടെ പിന്നാക്കം പോയ ബിഎസ്എൻഎൽ ലാൻഡ്ഫോണുകൾ സർക്കാർ സഹായത്തോടെ പിടിച്ചുനിൽക്കാൻ ശ്രമിക്കവേയാണ് ലോക്കൽ കേബിൾ ഓപ്പറേറ്റർമാരുടെ നിലപാടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഗ്രാമീണമേഖലകളിലുൾപ്പെടെ അതിവേഗം വ്യാപിപ്പിക്കാനാണ് ലാസ്റ്റ്മൈൽ കണക്റ്റിവിറ്റി പദ്ധതി സ്വകാര്യ കേബിൾ ഓപ്പറേറ്റർമാർക്ക് പുറംകരാറായി നൽകിയത്. നിലവിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽ ഔട്ട്ഗോയിങ്ങും ഇൻകമിങ്ങും സൗജന്യവുമാണ്. എന്നാൽ, ഈ സേവനവും ആനുകൂല്യങ്ങളും ലഭിക്കാൻ പുറംകരാറുകാർ കനിയേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ. 

അതത് പ്രദേശത്തെ കേബിൾ ഓപ്പറേറ്റർമാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ബിഎസ്എൻഎല്ലിന്റെ പദ്ധതി. ലഭിക്കുന്ന ലാൻഡ്ഫോൺ, ബ്രോഡ്ബാൻഡ് കണക്ഷൻ അപേക്ഷകൾ പുറംകരാറുകാർക്ക് കൈമാറും. മാസ ബില്ലിലെ 40 ശതമാനം തുകയാണ് ഇവർക്ക് ലഭിക്കുക 

എന്നാൽ, സ്വകാര്യ കമ്പനികളിൽ നിന്ന് ഇതിലും കൂടുതൽ തുക ലഭിക്കുമെന്നതിനാൽ, ബിഎസ്എൻഎല്‍ കണക്ഷൻ വിതരണത്തിന് കേബിൾ ഓപ്പറേറ്റർമാർ മനഃപൂർവം വീഴ്ച വരുത്തുകയാണെന്ന് അധികൃതർ പറയുന്നു. ബിഎസ്എൻഎല്ലിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും ഉപഭോക്തൃ അടിത്തറയുള്ളതും കേരളത്തിലാണ്. ഒരുകോടിയിലേറെ ഉപഭോക്താക്കൾ കമ്പനിക്ക് കേരളത്തിലുണ്ടായിരുന്നത് ഇപ്പോൾ 97 ലക്ഷത്തോളമായി കുറഞ്ഞു. ഒഴിഞ്ഞുപോയവരെ തിരിച്ചെത്തിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ശ്രമിക്കവേയാണ് കേബിൾ ഓപ്പറേറ്റർമാർ തിരിച്ചടി സൃഷ്ടിക്കുന്നത്. 

Eng­lish Sum­ma­ry: Pri­vate com­pa­nies and cable oper­a­tors join hands against BSNL

You may also like this video

Exit mobile version