Site icon Janayugom Online

റയില്‍വേയില്‍ സ്വകാര്യവല്‍ക്കരണ ചൂളംവിളി

ജീവനക്കാരുടെ കുറവും പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസവും റയില്‍വേയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സ്വകാര്യമേഖലയ്ക്ക് കൈമാറുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളാണ് കാര്യക്ഷമതയിലും പ്രവര്‍ത്തനത്തിലും റയില്‍വേയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നത് പദ്ധതികളിലെ കാലതാമസം മൂലം റയില്‍വേ ലൈനുകളുടെ ഉപയോഗവും അനുവദനീയമായതിനേക്കാള്‍ കൂടുതലാണ്. രാജ്യത്തുടനീളമുള്ള 25 ശതമാനം റയില്‍വേ ലൈന്‍ സെക്ഷനുകളില്‍ ലൈൻ ഉപയോഗം 100 ശതമാനത്തില്‍ കൂടുതലാണ്.

16 സോണുകളിലായി 1416 സെക്ഷനുകളില്‍ 190 എണ്ണത്തില്‍ ലൈന്‍ ഉപയോഗം 100 മുതല്‍ 120 ശതമാനമാണ്. 120 സെക്ഷനുകളില്‍ 120 മുതല്‍ 150 വരെ ലൈന്‍ ഉപയോഗം നടക്കുന്നു. 55 സെക്ഷനുകളിലിത് 150 ശതമാനമാണ്. 2021 ഏപ്രിൽ ഒന്ന് വരെ 7.53 ലക്ഷം കോടി ചെലവുവരുന്ന 51,165 കിലോമീറ്റർ നീളമുള്ള 484 റയിൽവേ പദ്ധതികള്‍ ആസൂത്രണം, അനുമതി, നിര്‍വഹണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലാണെന്നാണ് പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികളെക്കുറിച്ച് റയില്‍വേ മന്ത്രാലയത്തിന്റെ പ്രതികരണം. 187 പുതിയ ലൈനുകൾ, 46 ഗേജ് പരിവർത്തനം, 251 പാത ഇരട്ടിപ്പിക്കൽ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അതിൽ 10,638 കിലോമീറ്റർ ദൈർഘ്യം കമ്മീഷൻ ചെയ്തു.

ഇതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഏകദേശം 2.14 ലക്ഷം കോടി രൂപ ചെലവായി. ജീവനക്കാരുടെ കുറവും പദ്ധതികളുടെ കാലതാമസവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ റയില്‍വേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പാട്ടത്തിന് നല്‍കാനുള്ള ദേശീയ ധനസമ്പാദന പൈപ്പ്‌ലൈനി (എന്‍എംപി) ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. നാലു വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം കോടിയോളം രൂപ സമാഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റയില്‍വേയുടെ 25 ശതമാനം ആസ്തിയാണ് കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുക.

2022നും 2025നും ഇടയില്‍ 400 സ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 265 റയിൽവേയുടെ ഉടമസ്ഥതയിലുള്ള ഗുഡ്-ഷെഡുകൾ (ആകെ ഗുഡ് ഷെഡുകളുടെ 21 ശതമാനം), 15 റയിൽവേ സ്റ്റേഡിയങ്ങൾ, തിരഞ്ഞെടുത്ത റയിൽവേ കോളനികൾ എന്നിവയുൾപ്പെടെ 1,52,496 ലക്ഷം കോടി രൂപ വിലമതിക്കുന്ന ആസ്തികളാണ് വില്‍ക്കുക. മെയില്‍ എക്സ്പ്രസ് ട്രെയിനുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനായി രണ്ട് സ്വകാര്യ കമ്പനികള്‍ താല്പര്യം അറിയിച്ചുവെന്നാണ് സെപ്റ്റംബറില്‍ മന്ത്രാലയം അറിയിച്ചത്.

മൂന്നു ലക്ഷം ഒഴിവുകള്‍

ഇന്ത്യന്‍ റയില്‍വേയില്‍ നികത്താതെ അവശേഷിക്കുന്നത് മൂന്നു ലക്ഷത്തോളം ഒഴിവുകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആകെ 2,98,428 ഒഴിവുകൾ ഉണ്ടെന്നാണ് മന്ത്രി അറിയിച്ചത്. റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് നിലവില്‍ 1.14 ലക്ഷം ഒഴിവുകൾ നികത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു. എന്‍ടിപിസി, ഗ്രൂപ്പ് ഡി പരീക്ഷകളുടെ നിലവിലെ പ്രതിസന്ധി കേന്ദ്രം പരിഹരിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.

eng­lish summary;Privatization in railways

you may also like this video;

Exit mobile version