ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് യോഗ്യതയുള്ളവരെ നിയോഗിക്കേണ്ട ഉന്നത തസ്തികകളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധരെ നിയമിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധരെ നിയമിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അപ്പോയിന്‍മെന്റ് കമ്മിറ്റി ഓഫ് ദി കാബിനറ്റ് ആണ് രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തീരുമാനമെടുത്തത്. മൂന്ന് ജോയിന്റ് സെക്രട്ടറി, 22 ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലാകും നിയമനം.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലാവും സ്വകാര്യ മേഖലാ വിദഗ്ധരെ നിയമിക്കുന്നത്. നിലവില്‍ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളില്‍ ഐഎഎസ്, ഐപിഎസ്, ഫോറസ്റ്റ് സര്‍വീസ് യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. ഗ്രൂപ്പ് എ സര്‍വീസിലെ ഉദ്യോഗസ്ഥരെയും ഇത്തരം തസ്തികകളില്‍ നിയമിക്കും.
സ്വകാര്യ മേഖലാ വിദഗ്ധരുടെ നിയമനം നേരിട്ടാവും നടത്തുക. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുരക്തം കൊണ്ടുവരുന്നതിനും പദ്ധതി ആസൂത്രണത്തില്‍ മികവ് കണ്ടെത്താനുമാണ് നിയമനമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2018ല്‍ നടപ്പില്‍വരുത്തിയ നേരിട്ടുള്ള നിയമനം സംബന്ധിച്ച വ്യവസ്ഥയനുസരിച്ചാവും നിയമനം. 2018ല്‍ ആദ്യമായി ലാറ്ററല്‍ എന്‍ട്രി വഴി 10 തസ്തികകളില്‍ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണ് ഇവരെ അന്ന് നിയമിച്ചത്.
കഴിവുതെളിയിച്ച നൂറുകണക്കിന് ഐഎഎസ്, ഐപിഎസ്, ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്ന അവസരത്തിലാണ് ഉന്നത തസ്തികകളില്‍ സ്വകാര്യവല്‍ക്കരണ നയവുമായി മോഡി സര്‍ക്കാര്‍ എത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും, ശതകോടികള്‍ ആസ്തിയുള്ള കമ്പനികളും തുച്ഛവിലയ്ക്ക് കുത്തക കമ്പനികള്‍ക്ക് തീറെഴുതുന്ന മോഡി സര്‍ക്കാരിന്റെ പുതിയ പരിഷ്കാരം ഗുണത്തെക്കാളെറേ ദോഷം ചെയ്യുമെന്നാണ് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ജനങ്ങളോടും സര്‍ക്കാരിനോടും പ്രതിബദ്ധതയില്ലാത്ത സ്വകാര്യ മേഖലാ വിദഗ്ധര്‍ രാജ്യത്തിന് എന്തു സംഭാവനയാണ് നല്‍കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഇവര്‍ പറഞ്ഞു.
English Summary: privatization; Modi government to appoint 25 people in high posts
You may also like this video