വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനെ സ്വകാര്യവല്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്വകാര്യവല്ക്കരണത്തിനെതിരെ പരിരക്ഷ പോരാട്ട സമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൊതുമേഖലാ വ്യവസായത്തെ രക്ഷിക്കാനുള്ള അവരുടെ എല്ലാ പ്രവർത്തന പരിപാടികൾക്കും പൂർണ പിന്തുണ നൽകുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 600 ദിവസത്തിലേറെയായി തുടരുന്ന സമരത്തില്‍ പങ്കാളികളായ എല്ലാ ട്രേഡ് യൂണിയനുകളിലെയും അംഗങ്ങളെയും ഇവര്‍ക്കൊപ്പം അണിനിരക്കുന്ന ജനങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് അഭിവാദ്യം ചെയ്തു. പൊതുമേഖലാ സ്റ്റീൽ പ്ലാന്റ് വിറ്റഴിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വര്‍ധിക്കുകയാണ്. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനെ സ്വകാര്യവല്ക്കരണത്തിൽ നിന്നും വീണ്ടെടുക്കാനുള്ള ജനങ്ങളുടെയും തൊഴിലാളികളുടെയും നിരന്തരവും ദൃഢനിശ്ചയത്തോടും കൂടിയ സമരം അഭിനന്ദനീയമാണ്. സർക്കാരോ മാനേജ്മെന്റോ നിയമിക്കുന്ന ഒരു കമ്മിറ്റിയെയും പ്ലാന്റിൽ പ്രവേശിക്കാനും വിലയിരുത്തൽ നടത്താനും സമരസമിതി അനുവദിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് ഒരു കോടിയിലധികം ആളുകൾക്കാണ് ജീവിതമാർഗം നൽകുന്നത്. സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭൂമി നൽകിയ 8,000 കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. ഇവര്‍ക്ക് ഇനിയും ജോലി ലഭിച്ചിട്ടുമില്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
English Summary: Privatization of Visakhapatnam steel plant should be abandoned
You may like this video also