Site icon Janayugom Online

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് 2000രൂപ നല്‍കുമെന്ന് പ്രിയങ്കഗാന്ധി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും എന്ന് പ്രിയങ്കഗാന്ധി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കോണ്ഡഗ്രസ് വനിതാ കണ്‍വെന്‍ഷനിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം.

ഗൃഹ ലക്ഷ്മി യോജന പ്രകാരം പ്രതിവര്‍ഷം 24,000 രൂപ സ്ത്രീ ഗൃഹനാഥമാരുടെ അക്കൗണ്ടുകളിലേക്ക് അയക്കും എന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം. അമിതമായ എല്‍ പി ജി വിലയും ഒരു സ്ത്രീ വഹിക്കേണ്ടി വരുന്ന ദൈനം ദിന ചെലവുകളും കണക്കിലെടുത്താണ് ഗൃഹ ലക്ഷ്മി യോജന ആവിഷ്‌കരിക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടുകയും സ്വന്തം കാലില്‍ നില്‍ക്കാനും മക്കളെ പരിപാലിക്കാനും പ്രാപ്തരാകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

കര്‍ണാടകയിലെ ഓരോ സ്ത്രീക്കും സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു. 1.5 കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും ബി ജെ പി സര്‍ക്കാരില്‍ വ്യാപകമായ അഴിമതിയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 8,000 കോടി രൂപയ്ക്ക് ബംഗളൂരുവില്‍ നടക്കേണ്ട വികസനങ്ങളില്‍ 3,200 കോടി രൂപ കമ്മീഷനായി പോകുകയാണ് എന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കുഴല്‍ക്കിണറുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വീട്, സ്ഥലം മാറ്റം തുടങ്ങി സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട എല്ലാത്തിനും ആളുകള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി ജെ പി സര്‍ക്കാരിന് കീഴില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ എന്നും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കൊവിഡ് കാലത്ത് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായി.

കോണ്‍ഗ്രസ് ഭരണ കാലത്ത് കര്‍ഷകര്‍ക്ക് വായ്പയുണ്ടായിരുന്നു എന്നും സംസ്ഥാനത്തെ ഐ ടി മേഖല ശക്തിപ്പെട്ടത് കോണ്‍ഗ്രസ് ഭരണ കാലത്താണ് എന്നും പ്രിയങ്ക പറഞ്ഞു. മേയ് മാസത്തിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ സംസ്ഥാനത്ത് എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary:
Priyan­ka Gand­hi will give Rs 2000 to house­wives if Con­gress comes to pow­er in Karnataka

You may also like this video:

Exit mobile version