എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗോവയിലെ പ്രചരണങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് പ്രിയങ്കയുടെ പ്രചരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തിങ്കളാഴ്ച ഗോവയില്‍ നടന്ന വീടുതോറുമുള്ള പ്രചാരണത്തിനിടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
പ്രിയങ്ക കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടില്ലെന്നും അനുയായികളും നേതാക്കളും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും തൃണമൂല്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തൃണമൂല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗോവയില്‍ കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ വിലക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി നിരവധി മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ 30% സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നും ഗോവയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി വ്യവസ്ഥകള്‍ ഒരുക്കുമെന്നും അവര്‍ പൊതുറാലിയില്‍ സംസാരിക്കവെ പറഞ്ഞു. തൃണമൂലും ആം ആദ്മിയും ഇവിടെ വോട്ട് ഭിന്നിപ്പിക്കാന്‍ മാത്രമാണ് വന്നതെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.ഇരു പാര്‍ട്ടികള്‍ക്കും സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സ്വന്തം പാര്‍ട്ടി വിപുലപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജി എഫ് പി) സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 40 മണ്ഡലങ്ങളില്‍ 37ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ബാക്കി മൂന്നിടത്ത് ജി എഫ് പിയാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച സൗത്ത് ഗോവയിലെ മജോര്‍ദ, നുവെം, നവേലിം എന്നിവിടങ്ങളിലും നോര്‍ത്ത് ഗോവയിലെ സെന്റ് ആന്ദ്രെ, സെന്റ് ക്രൂസ്, കുംബര്‍ജുവ, പനാജി എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു.
2017 ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയ്ക്ക് 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ബി ജെ പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെ 15 എം എല്‍ എമാരും പാര്‍ട്ടി വിട്ടു. നിലവില്‍ രണ്ട് എം എല്‍ എമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്. ഫെബ്രുവരി 14നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം
English Sumamry: Priyanka should be banned in Goa; Trinamool with complaint
You may also like thsi video: