Site iconSite icon Janayugom Online

ഖലിസ്ഥാന്‍ നേതാവ് ലണ്ടനില്‍ മരിച്ചു

വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ ലണ്ടനില്‍ മരിച്ചു. ബിര്‍മിങ് ഹാമിലെ സാൻഡ്‌വെൽ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനം ആക്രമിച്ച കേസിലെ പ്രധാന പ്രതിയായിരുന്നു ഖണ്ഡ. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കാൻസറിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

‘വാരിസ് പഞ്ചാബ് ദേ’ സംഘടന തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായിയാണ് അവതാര്‍ സിങ് ഖണ്ഡ. ഇയാളുടെ യഥാര്‍ഥ പേര് രഞ്ജോധ് സിങ് എന്നാണ്. ഖണ്ഡയുടെ പിതാവും ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകനായിരുന്നു. ഇയാളെ 1991ല്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു. മാര്‍ച്ച്‌ 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെ ആക്രമണം നടന്നത്. മുഖ്യ ആസൂത്രകൻ ഖണ്ഡയാണെന്ന് കണ്ടെത്തിയിരുന്നു. അമൃത്പാൽ സിങിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയ സാഹചര്യത്തിലായിരുന്നു അക്രമം.

ഖാലിസ്ഥാൻ പതാകയേന്തിയ അക്രമികൾ ഇന്ത്യൻ പതാക വലിച്ചു താഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ആക്രമണം ചെറുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ച് ബ്രിട്ടനോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം. ഖണ്ഡ രക്തസാക്ഷിയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് ഖലിസ്ഥാൻ അനുകൂലികള്‍ രംഗത്തെത്തി. വിഷം ഉള്ളിൽ ചെന്നാണ് അവതാർ ഖണ്ഡ മരിച്ചതെന്നാണ് ഇവരുടെ ആരോപണം.

Eng­lish Sum­ma­ry: Pro-Khal­is­tan activist Avtar Singh Khan­da dies in U K
You may also like this video

Exit mobile version