Site iconSite icon Janayugom Online

പലസ്തീന്‍ അനുകൂല പ്രതിഷേധം: ഗ്രെറ്റ തുന്‍ബര്‍ഗിനെ അറസ്റ്റ് ചെയ്തു

പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫെന്‍ചര്‍ച്ച് സ്ട്രീറ്റിലെ ആസ്പന്‍ ഇന്‍ഷുറന്‍സ് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്. ജയിലില്‍ നിരാഹാര സമരം നടത്തുന്ന പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘പ്രിസണേഴ്‌സ് ഫോര്‍ പലസ്തീന്‍’ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ”പലസ്തീന്‍ ആക്ഷന്‍ തടവുകാരെ പിന്തുണയ്ക്കുന്നു, വംശഹത്യയെ എതിര്‍ക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിനാണ് ഗ്രെറ്റയെ അറസ്റ്റ് ചെയ്തത്. 

നിരോധിത സംഘടനയായ ‘പലസ്തീന്‍ ആക്ഷന്‍’നെ പിന്തുണച്ചുവെന്നാരോപിച്ചാണ് ഗ്രെറ്റയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ബ്രിട്ടന്റെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പ് 13 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ പ്രതിരോധ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്നാരോപണത്തെ തു­ടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘പലസ്തീന്‍ ആക്ഷന്‍’നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Exit mobile version