Site iconSite icon Janayugom Online

യുഎസിലെ പലസ്തീന്‍ അനുകൂല പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തല്‍

അമേരിക്കന്‍ സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ തുടരുന്നു. കാലിഫോർണിയയിലെയും ടെക്‌സാസിലെയും രണ്ട് സർവകലാശാലകളിൽ 100 ലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. സതേൺ കാലിഫോർണിയ സർവകലാശാലയുടെ (യുഎസ്‌സി) ലോസ് ഏഞ്ചൽസ് കാമ്പസിലെ പ്രതിഷേധത്തിനിടെ 93 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്റ്റിനിലെ ടെക‍്സാസ് സർവകലാശാലയിൽ (യുടി) 34 പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. പ്രതിഷേധം അവസാനിച്ചെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാമ്പസ് അടച്ചിടുമെന്നും യുഎസ്‍സി അറിയിച്ചു.
പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോടെ സര്‍വകലാശാല അധികൃതര്‍ നല്‍കിയ നിര്‍ദേശാനുസരണമാണ് പൊലീസ് കാമ്പസിനുള്ളില്‍ പ്രവേശിച്ചത്. പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ അധ്യാപികയ്ക്ക് പൊലീസ് മര്‍ദനമേറ്റിരുന്നു. ഇവരെ നിലത്ത് വീഴ്ത്തി വിലങ്ങ് വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രയേലിന് 26 ബില്യൺ ഡോളർ സഹായം അനുവദിക്കുന്ന ബില്ലിൽ പ്രസിഡന്റ് ജോ ബെെഡന്‍ ഒപ്പുവച്ചതോടെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. കൊളംബിയ, യേൽ, ബ്രൗൺ, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റികളിലും പ്രതിഷേധം തുടരുകയാണ്. 

ഹാർവാർഡ്, ബ്രൗൺ തുടങ്ങിയ സർവകലാശാലകളിലും ഗാസ സോളിഡാരിറ്റി ക്യാമ്പ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ 550 ലെറെ ആളുകൾ അമേരിക്കയിൽ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റി അപ്പാർത്തീഡ് ഡൈവെസ്റ്റ് (സിയുഎഡി), സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീന്‍, ജൂവിഷ് വോയ്‌സ് ഫോർ പീസ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ഗാസ സോളിഡാരിറ്റി ക്യാമ്പ്‌മെന്റ് എന്ന സഖ്യമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയ്ക്കെതിരായ ഇസ്രയേല്‍ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളുമായുള്ള കൂട്ടുക്കെട്ടില്‍ നിന്ന് സര്‍വകലാശാലകള്‍ പിന്മാറണമെന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

കൊളംബിയ സര്‍വകലാശാലയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വെബ്സെെറ്റിലെ വിവരങ്ങള്‍ സുതാര്യമാക്കണമെന്നും ഇസ്രയേൽ സർവകലാശാലകളുമായും പ്രോഗ്രാമുകളുമായും അക്കാദമിക ബന്ധങ്ങളും സഹകരണവും വിച്ഛേദിക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഗാസയിൽ സമ്പൂർണ വെടിനിർത്തലിനും സംഘടനകൾ ആഹ്വാനം ചെയ്യുന്നു. 

Eng­lish Sum­ma­ry: Pro-Pales­tin­ian Protests in the US; Police repres­sion against students
You may also like this video

Exit mobile version