എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ എന്തിന് കണ്ടു എന്നുള്ളതാണ് പ്രശ്നമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിവാദങ്ങളും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊന്നും സിപിഐഎമ്മിനെ ബാധിക്കുന്ന കാര്യമല്ല. എഡിജിപി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സിപിഐഎമ്മിന്റെയോ പ്രതിനിധിയല്ലല്ലോ. അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ക്രമസമാധാന പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹം ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നുള്ളത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. കണ്ടു എന്നുള്ളതല്ല എന്തിന് കണ്ടു എന്നതാണ് പ്രശ്നം. ഈ കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ പരിശോധനയില്‍ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ സമീപനം. മുന്‍ എസ്‌പിക്കെതിരായി ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ടല്ലോ. അതാണ് സര്‍ക്കാരിന്റെ നിലപാട്. ഈ കാര്യങ്ങളെല്ലാം ഉന്നയിച്ച് സര്‍ക്കാരിനെ ഉലയ്ക്കാമെന്നും, മുഖ്യമന്ത്രിക്കെതിരെ ഒരു കേന്ദ്രീകരണം ഉണ്ടാക്കാമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. എഡിജിപിയെ സംരക്ഷിക്കേണ്ട ഒരാവശ്യവും സിപിഐഎമ്മിനോ എല്‍ഡിഎഫിനോ ഇല്ല.
എഡിജിപി അദ്ദേഹത്തിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. തൃശൂര്‍ പൂരത്തിന്റെ വിഷയത്തില്‍ കര്‍ശനമായ അന്വേഷണം നടക്കണമെന്നുതന്നെയാണ് നിലപാടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ജയരാജനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ഇ പി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറിയത് ഒരു നടപടിയുടെ ഭാഗമല്ലെന്നും പാര്‍ട്ടിയുടെ സംഘടനാ തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.