Site iconSite icon Janayugom Online

തദ്ദേശ സ്വയം ഭരണ വകുപ്പിലെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം; കെ എൽ ഇ എഫ്

തദ്ദേശ സ്വയം ഭരണ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേരള എൽ എസ് ജി എംപ്ലോയീസ് ഫെഡറേഷൻ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതരുമായി കേരള എൽ എസ് ജി എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ ചർച്ച നടത്തി. ആറുമാസത്തിൽ അധികമായി തദ്ദേശസ്ഥാപനങ്ങളിൽ പ്രമോഷൻ നിയമനങ്ങൾ നടക്കുന്നില്ല. മുപ്പത് ശതമാനത്തോളം തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാരില്ല. അസിസ്റ്റൻറ് സെക്രട്ടറിമാരും സൂപ്രണ്ടുമാരും ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ചില പഞ്ചായത്തുകളിൽ രണ്ടും മൂന്നും ജീവനക്കാർ മാത്രമാണുള്ളത്, ചര്‍ച്ചയില്‍ ഫെഡറേഷന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. നിയമനം വൈകുന്നതിലുള്ള പ്രതിഷേധക്കുറിപ്പ് ഫെഡറേഷന്‍ കൈമാറി.

മതിയായ ജീവനക്കാരെ സമയബന്ധിതമായി നിയമിക്കാന്‍ വൈകുന്നത് ജനങ്ങളെയും സർക്കാറിനെതിരാക്കി മാറ്റാനുള്ള കുതന്ത്രങ്ങളുടെ ഭാഗമെന്ന് കരുതേണ്ടിയിരിക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഉള്ള ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിന് വഴിയൊരുക്കുന്നു. ഫെഡറേഷന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. ചര്‍ച്ചയെ തുടര്‍ന്ന് സെക്രട്ടറി തസ്തികയിലെ പ്രമോഷൻ നിയമന ഉത്തരവ് ഉടൻ ഇറക്കുമെന്ന് അഡീഷണൽ ഡയറക്ടർ വ്യക്തമാക്കി. 

വി ഇ ഒമാരുടെ സ്ഥലം മാറ്റ വിഷയങ്ങൾ ഉടന്‍ പരിഹരിക്കുന്നതിനും തീരുമാനമായി. മുൻസിപ്പൽ ജീവനക്കാരെ സർക്കാർ ജീവനക്കാർ ആക്കിയ ശേഷവും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിതമായ പരിഹാരത്തിനും ചര്‍ച്ചയില്‍ ധാരണയായി. കെ-സ്മാർട്ട് ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത് വരുന്ന സാമ്പത്തിക വർഷത്തേക്ക് നീട്ടി വെക്കണമെന്ന് ഫെഡറേഷൻ ചർച്ചയിൽ ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളും പരിശോധിച്ചു അവധാനതയോടെ മാത്രമേ കെ-സ്മാർട്ട് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുകയുള്ളൂ എന്ന് അഡീഷണൽ ഡയറക്ടർ ഉറപ്പു നൽകി. 

തദ്ദേശസ്വയംഭരണ വകുപ്പുകളുടെ വാർഡ് വിഭജനം നടക്കുകയാണ്. നിലവിൽ ലഭിച്ച നിർദ്ദേശം ആർട്ടിക്കിൾ 243 സി2 പാലിക്കാൻ മാത്രമാണ്. ഫെഡറേഷൻ നൽകിയ കേസിൽ ആർട്ടിക്കിൾ 243 സി1 പാലിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഈ വിഷയം രേഖാമൂലം ഡി-ലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശം പാലിക്കാത്തതിലൂടെ തെരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെ എൽ ഇ എഫ് ജനറൽ സെക്രട്ടറി എസ് എൻ പ്രമോദ്, വൈസ് പ്രസിഡണ്ടുമാരായ ജെ. ഗിഫ്റ്റി, പി. രാജേഷ് കുമാർ, വിപിൻ എസ്. ജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

Exit mobile version