Site iconSite icon Janayugom Online

സെെനിക നിയമ പ്രഖ്യാപനം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ അറസ്റ്റ് തടഞ്ഞ് സുരക്ഷാ സേന

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം തടഞ്ഞ് സുരക്ഷാ സേന. സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. യോളിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി അഴിമതി അന്വേഷണ ഓഫിസ് (സിഐഒ ) സ്ഥിരീകരിച്ചു. ബാരിക്കേഡുകൾ കടന്ന് അന്വേഷണ ഉദ്യോഗസ്ഥരും പൊലീസും യോളിന്റെ വസതിയിലേക്ക് കടന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. അറസ്റ്റിലാകുകയാണെങ്കി­ൽ, തടവിലാകുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റായിരിക്കും യോള്‍. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് യോളിനെതിരെ ചുമത്തിയിരിക്കുന്നത്. 

അറസ്റ്റ് വാറണ്ട് നിയമ വിരുദ്ധമാണെന്ന് യോളിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഈ ആഴ്ച ആദ്യം വാറണ്ടിന് കോടതി അംഗീകാരം നൽകിയത് മുതൽ അധികാരികളോട് പോരാടുമെന്ന് പറഞ്ഞ് യോള്‍ വസതിയില്‍ തന്നെ തുടരുകയാണ്. യോളിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം തടയാൻ ഏകദേശം 2,700 സുരക്ഷാ സേ­നാംഗങ്ങളെയും 135 പൊലീസ് ഉദ്യോഗസ്ഥരെയും പ്രസിഡന്റിന്റെ വസതിക്ക് സമീപം വിന്യസിച്ചിരുന്നു.
മൂന്ന് തവണ സമന്‍സ് അയച്ചെങ്കിലും യോള്‍ സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അ­ന്വേഷണ സംഘം അറസ്റ്റ് വാറണ്ടിനായി കോടതിയെ സമീപിച്ചത്. 

ഗ്വാച്ചിയോണിലെ ഓഫിസിൽ യോളിനെ ചോദ്യം ചെയ്യാനാണ് സിഐഒ ലക്ഷ്യമിടുന്നത്. അവിടെ അദ്ദേഹത്തെ 48 മണിക്കൂർ വരെ തടവിൽ പാർപ്പിക്കാം. കൂടുതൽ നേരം തടങ്കലിൽ വയ്ക്കുന്നതിന് പ്രത്യേക വാറണ്ട് ആവശ്യമാണ്. യോളിന്റെ നിയമസംഘം വാറണ്ട് തടയാൻ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് തടയുന്നത് വിചാരണയിലേക്ക് നയിക്കുമെന്ന് സിഐഒ മേധാവി മുന്നറിയിപ്പ് നൽകി. 2000ലും 2004ലും നിയമനിർമ്മാതാക്കളെ അറസ്റ്റ് ചെ­യ്യാനുള്ള മുൻ ശ്രമങ്ങൾ സ­മാനമായ പ്രതിരോധം കാ­രണം പരാജയപ്പെട്ടിരുന്നു.

Exit mobile version