Site iconSite icon Janayugom Online

സെെനിക നിയമ പ്രഖ്യാപനം; യൂന്‍ സുക് യോളിന്റെ ഇംപീച്ച്മെന്റ് കോടതി ശരിവച്ചു

സെെനിക നിയമം പ്രഖ്യാപിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ഇംപീച്ച്മെന്റ് നടപടി ശരിവച്ച് ഭരണഘടനാ കോടതി. വിധിക്കുപിന്നാലെ യോളിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ബെഞ്ചിലെ എട്ട് ജഡജിമാരും ഏകകണ്ഠേനേയാണ് ഇംപീച്ച്മെന്റ് ശരിവച്ചത്. ഭരണഘടന പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്ക് അതീതമായ നടപടികള്‍ ലംഘിച്ചുകൊണ്ട് പ്രസിഡന്റ് എന്ന നിലയില്‍ യോള്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. പട്ടാള നിയമം പ്രഖ്യാപിച്ചതിലൂടെ യോള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും, വിദേശനയത്തിലും കുഴപ്പങ്ങൾ സൃഷ്ടിച്ചു. പട്ടാള നിയമം പ്രഖ്യാപിക്കുക മാത്രമല്ല, നിയമനിർമ്മാണ അധികാരത്തിന്റെ വിനിയോഗം തടസപ്പെടുത്തുന്നതിനായി സൈ­നിക, പൊലീസ് സേനകളെ അണിനിരത്തി ഭരണഘടനയും നിയമങ്ങളും ലംഘിക്കുകയും ചെയ്തു. ആത്യന്തികമായി, ഈ കേസിൽ അടിയന്തര പട്ടാള നിയമത്തിന്റെ അടിസ്ഥാന ആവശ്യകതകളെ ലംഘിച്ചതായും ആക്ടിങ് ചീഫ് ജസ്റ്റിസ് മൂൺ ഹ്യൂങ് ബേ പറഞ്ഞു. വിധി അംഗീകരിക്കുന്നതായി പീപ്പിള്‍ പവര്‍ പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം, പ്രസി‍ഡന്റായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് പൗരന്മാരെ അഭിസംബോധന ചെയ്തെഴുതിയ കത്തില്‍ യോള്‍ പറഞ്ഞു. നിരവധി പോരായ്മകൾക്കിടയിലും തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ വളരെ ഖേദിക്കുന്നു. കൊറിയന്‍ റിപ്പബ്ലിക്കിനും പൗരന്മാര്‍ക്കും വേ­ണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. കോടതി വിധിക്ക് പിന്നാലെ യോള്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആഘോഷ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. കോടതി കെട്ടിടത്തിനു സമീപം യോളിന്റെ അനുയായികളും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് 60 ദിവസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ പ്രസി‍ഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ഇടക്കാല പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ ചുമതലയില്‍ തുടരും. 2017ൽ പാർക്ക് ഗ്യൂൻ ഹൈയ്ക്ക് ശേഷം ഇംപീച്ച്‌മെന്റിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന രണ്ടാമത്തെ പ്ര­സിഡന്റായി യോള്‍ മാറി. 

Exit mobile version