Site iconSite icon Janayugom Online

ഒരു ലിറ്റർ പെട്രോളിൽ കമ്പനികളുടെ ലാഭം 15 രൂപ; വില കുറയുമെന്ന പ്രതീക്ഷ മങ്ങുന്നു

ആ​ഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞുനിന്ന സാഹചര്യത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ ലാഭം കൊയ്തതായി റിപ്പോർട്ട്. ഒരു ലിറ്റർ പെട്രോളിന് 15 രൂപയും ഒരു ലിറ്റർ ഡീസലിന് 12 രൂപയും എന്ന തോതിൽ എണ്ണക്കമ്പനികൾക്ക് വൻലാഭമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഐസിആർഎ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മുൻനിര ഇന്ത്യൻ എണ്ണ കമ്പനികൾ ഇത്തരത്തിൽ വലിയ ലാഭം നേടുന്നുണ്ട്. 2024 സെപ്റ്റംബർ 17 വരെയുള്ള രാജ്യാന്തര വില പരിഗണിച്ചുള്ള കണക്കുകളാണ് ഐസിആര്‍എ പുറത്തുവിട്ടത്.
ഇതിനിടെ രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ എണ്ണവില ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

2024 മാർച്ച് മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ റീടെയിൽ വില്പന വിലയിൽ മാറ്റം വന്നിട്ടില്ല. 2024 മാർച്ച് 15നാണ് ഇന്ത്യയിൽ അവസാനമായി പെട്രോൾ‑ഡീസൽ വില കുറച്ചിരുന്നത്. അന്ന് ലിറ്ററിന് 2 രൂപ വീതമാണ് കുറവ് വരുത്തിയത്. കഴിഞ്ഞ ആഴ്‌ചകളിൽ ആഗോള ക്രൂഡ് ഓയിൽ വില വലിയ ഇടിവ് നേരിട്ടതോടെ എണ്ണക്കമ്പനികളുടെ ലാഭക്ഷമതയിൽ വലിയ വർധനയുണ്ടായതായി ഐസിആർഎ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വിലക്കുറവിന്റെ പ്രയോജനം ഉപയോക്താക്കൾക്ക് കൂടി ലഭ്യമാക്കാൻ എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്, സുപ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയുടെ ഭരണം നിലനിര്‍ത്തേണ്ടത് ബിജെപിയുടെ ലക്ഷ്യമാണ്. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തെ കൂട്ടുപിടിച്ചാണ് നിലവില്‍ മഹാരാഷ്ട്ര ബിജെപി ഭരിക്കുന്നത്. നവംബറിലാകും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ വില കുറയുന്നതിനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. 

യുദ്ധം നീണ്ടുനിന്നാല്‍ എണ്ണവില വീണ്ടും ഉയര്‍ന്ന് റെക്കോഡുകള്‍ കടക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ബ്രെന്റ് ഫ്യൂച്ചറുകള്‍ ബാരലിന് 1.13 ശതമാനം ഉയര്‍ന്ന് 74.4 ഡോളറിലെത്തി.പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കുറഞ്ഞ കാലയളവിലേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന ഒരുയുദ്ധം കാര്യമായ പ്രതിഫലനം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍.
2023–24 സാമ്പത്തിക വർഷം ഇന്ത്യൻ ഓയിൽ കമ്പനികളെ സംബന്ധിച്ച് മികച്ച നേട്ടത്തിന്റേതായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചിരുന്നു. ഇക്കാലയളവിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ എല്ലാം കൂടി 86,000 കോടി രൂപയുടെ ഭീമമായ ലാഭം സ്വന്തമാക്കിയിരുന്നു. 

Exit mobile version