Site iconSite icon Janayugom Online

പുരോഗമന ശക്തികള്‍ കൂടുതല്‍ ജാഗരൂകരാകണം; ഹിജാബ് വിഷയത്തില്‍ സിനിമാപ്രവര്‍ത്തകരും

കര്‍ണാടകയില്‍ കലാലയങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസനും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും. മതത്തിന്റെ വിഷമതില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയരുകയാണെന്നും പുരഗോമന ശക്തികള്‍ ജാഗ്രതയോടെ പെരുമാറണമെന്നും കമല്‍ ഹാസന്‍ കുറിച്ചു. താന്‍ ഹിജാബിനെ പിന്തുണയ്ക്കുന്ന വ്യക്തിയല്ലെന്നും എന്നാല്‍ തെമ്മാടികളെപ്പോലെ ഒരു ചെറിയ സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിക്കുന്നുവെന്നും ജാവേദ് അക്തര്‍ കുറിച്ചു.

അതേ സമയം ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ അധ്യായനം മുടങ്ങുന്നു. ഇവര്‍ക്ക് കോളേജുകളില്‍ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രധാനമായും വാദിച്ചത്.

ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഹിജാബുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാക്കും വരെ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കോളേജില്‍ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹര്‍ജിയില്‍ വാദം തുടരും.

അത് കഴിഞ്ഞ് മാത്രമേ തീര്‍പ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് കര്‍ണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു. ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: Pro­gres­sive forces need to be more vig­i­lant; Film­mak­ers on the sub­ject of hijab

You may also like this video:

Exit mobile version