Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ട് നിരോധനം; എൻഐഎ കുറ്റപത്രം നൽകി

പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ എൻഐഎ ആരോപിക്കുന്നത്.

ഭീകരസംഘടനയായ ഐഎസിന്റെയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്ഐ നീക്കം. ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി, ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു എന്നിങ്ങനെ പോകുന്നു കുറ്റപത്രത്തിലെ പരാമർശങ്ങൾ.

തങ്ങൾക്കെതിരായ ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും പാകത്തിൽ ആയുധപരിശീലനമടക്കം നൽകി പിഎഫ്ഐ നേതാക്കൾ കേഡറുകളെ സൃഷ്ടിച്ചു. പിഎഫ്ഐക്ക് ദാറുൽ ഖദ എന്ന പേരിൽ കോടതിയുണ്ടെന്നും ഈ കോടതി വിധികൾ പിഎഫ്ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ശ്രീനിവാസൻ കേസ് പ്രതികളെ കൂടി ഉൾപ്പെടുത്തിയാണ് കുറ്റപത്രം. നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ ‘ആയുധ പരിശീലന വിംഗ്’ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Eng­lish Sum­ma­ry: Pro­hi­bi­tion of Pop­u­lar Front; NIA issued charge sheet
You may also like this video

Exit mobile version