മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ പാസ്സാക്കിയ നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. വിവിധ ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന സമാന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റാനും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവായി. മതപരിവര്‍ത്തന നിരോധനത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി വിവിധ ഹൈക്കോടതികളില്‍ സമാനമായ ഹര്‍ജികള്‍ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിനു പുറമെ ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ സംസ്ഥാനങ്ങളും നിയമം കൊണ്ടുവന്നിരുന്നു.
ഹൈക്കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന സമാന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടോ എന്ന് ബെഞ്ച് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിന്റെ മറുപടി. കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റാനും തിരുത്തല്‍ ഹര്‍ജിക്കും അനുമതി നല്‍കുന്നതായി ചീഫ് ജസ്റ്റിസ് മറുപടിയായി പറഞ്ഞു. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹര്‍ജി പരിഗണിക്കുമ്പോള്‍ തീരുമാനിക്കാമെന്നും ആറാഴ്ചയ്ക്കു ശേഷം ലിസ്റ്റ് ചെയ്യാനും ബെഞ്ച് ഉത്തരവായി. ഹര്‍ജികളില്‍ സംസ്ഥാനങ്ങള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യണം.

