Site iconSite icon Janayugom Online

പ്രോജക്ട് ചീറ്റ ‘വമ്പന്‍ ചീറ്റിങ്’

നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 2022–23 കാലത്ത് പ്രായപൂര്‍ത്തിയാകാത്ത 20 ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അവയോടും തദ്ദേശവാസികളോടും ചെയ്ത അധാര്‍മികവും അനീതിയുമാണെന്ന് ഫ്രണ്ടിയേഴ‍്സ് ഇന്‍ കണ്‍സര്‍വേഷന്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരും സംരക്ഷകരും ഈ പദ്ധതിയെ അന്നേ എതിര്‍ത്തിരുന്നു. ചീറ്റകളെ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിച്ചത് അവയ്ക്ക് വേണ്ട പരിഗണനകള്‍ കണക്കിലെടുത്തിട്ടല്ലെന്നും ജീവികളുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലെന്നും ലേഖനം അവകാശപ്പെടുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലേഖനത്തിലുണ്ട്. എന്നാല്‍ ഈ രീതിശാസ്ത്രത്തിന്റെ സഹരചയിതാവായ ശാസ്ത്രജ്ഞന്‍ വൈ വി ജാല സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചു.

2022 സെപ്റ്റംബറിലാണ് ചീറ്റ പദ്ധതി ആരംഭിച്ചത്. മുമ്പ് ഏഷ്യാറ്റിക് ചീറ്റകള്‍ എന്ന പ്രത്യേക വിഭാഗങ്ങളുടെ വാസസ്ഥലമായിരുന്നു ഇന്ത്യ. 1950കളില്‍ അതിന് വംശനാശം സംഭവിച്ചു. 2010ല്‍ എം കെ രഞ്ജിത്‌ സിങ്, വൈ വി ജാല എന്നിവര്‍ തയ്യാറാക്കിയ രീതിശാസ്ത്രത്തിന് പോരായ‍്മകളുണ്ടായിട്ടും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചീറ്റ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. വൈ വി ജാല വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ശാസ്ത്രജ്ഞനായിരുന്നു. ചീറ്റ പദ്ധതിയുടെ തുടക്കത്തിന് മേല്‍നോട്ടവും വഹിച്ചു. പക്ഷെ, പിന്നീട് ഇയാളെ ഒഴിവാക്കിയെന്ന് ലേഖനം തയ്യാറാക്കിയ ബംഗളൂരു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് ഡോക്ടര്‍ ഫെലോ യഷേന്ദു ജോഷി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

വിദേശത്ത് നിന്ന് കൊണ്ടുവന്ന മുതിര്‍ന്ന ചീറ്റകളെയും ഇന്ത്യയില്‍ പിറന്ന കുഞ്ഞുങ്ങളെയും നിലവില്‍ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മധ്യേന്ത്യയിലെ തിരഞ്ഞെടുത്ത പുല്‍മേടുകളില്‍ ചീറ്റയെ എത്തിക്കുന്നതിനെ കുറിച്ച് തദ്ദേശിയരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയില്ല. പകരം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നഷ്ടപരിഹാരം സ്വീകരിക്കുമോ എന്ന് അറിയാനുള്ള ശ്രമമാണ് നടത്തിയത്. പ്രദേശവാസികള്‍ ദരിദ്രരാണെന്നും അതിനാല്‍ നഷ്ടപരിഹാര പദ്ധതി അപര്യാപ്തമാണെന്നും പഠനം ചൂണ്ടിക്കാട്ടി.

നിലവില്‍ കുനോയിലെ വനത്തില്‍ രണ്ട് ആണും രണ്ട് പെണ്ണും 13 മാസം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളും അടക്കം ഏഴ് ചീറ്റകള്‍ അലഞ്ഞുതിരിയുകയാണ്. ആവാസവ്യവസ്ഥ മാറിയത് ഇവയെ ബാധിച്ചിട്ടുണ്ടെന്ന് ലേഖനം പറയുന്നു. കുനോയില്‍ ഈര്‍പ്പമുള്ള മാസങ്ങളില്‍ ത്വക്കില്‍ ഇവയ്ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം ഇവയുടെ അതിജീവന നിരക്ക് 60 ശതമാനമായി കുറഞ്ഞു. ദക്ഷിണാഫ്രിക്കയിലേത് 85 ശതമാനം ആണെന്നും ലേഖനം പറയുന്നു. രക്തത്തിലെ അണുബാധയായ സെപ്റ്റിസെമിയ ഉള്‍പ്പെടെയുള്ളവ കാരണം ഇതുവരെ എട്ട് മുതിര്‍ന്ന ചീറ്റകള്‍ ചത്തിട്ടുണ്ട്. 

Exit mobile version