Site iconSite icon Janayugom Online

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുങ്ങി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ബംഗളൂരു ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. പരിശീലനം നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയാണ് പരാതി നല്‍കിയത്. മകളുടെ കോച്ചായ ഇയാള്‍ നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായതെന്ന് യുവതി പറഞ്ഞു. തുടർന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിക്കുകയും ചെയ്തു.

എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യം ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി പ്രതി കടന്നുകളഞ്ഞുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. എന്നാൽ വസ്തുതർക്കവുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലേക്ക് പോയതെന്നാണ് അഭയ്‌യുടേതായി പൊലീസിന് ലഭിച്ച വീഡിയോയിൽ അവകാശപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കുമെന്നും ചതിച്ചിട്ടില്ലെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും അഭയ് വീഡിയോയിൽ പറയുന്നുണ്ട്.

Exit mobile version