Site iconSite icon Janayugom Online

സ്ത്രീ ശാക്തീകരണത്തിൽ കേരളത്തിൽ ആശാവഹമായ പുരോഗതി: ഹൈക്കോടതി

സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഹൈക്കോടതി. പ്രത്യേകിച്ച് ശബരിമല സംഭവത്തിനുശേഷം സ്ത്രീ ശാക്തീകരണത്തില്‍ മാറ്റം വന്നുവെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ വീട്, മതം എന്നിവ പരിഗണിക്കുമ്പോള്‍ കാര്യമായ വനിതാ ശാക്തീകരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചില വനിതകള്‍ തന്നെ ശബരിമല സ്ത്രീ പ്രവേശത്തെ എതിര്‍ത്തെന്നും വീടുകളില്‍ നിന്ന് മാറ്റം വരുന്നുവെങ്കില്‍ സ്ത്രീ ശാക്തീകരണ നിയമ നിര്‍മ്മാണം അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. 

സിനിമാ കോണ്‍ക്ലേവ് ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നയം രൂപീകരിച്ച ശേഷം സിനിമാ നിയമത്തിന്റെ കരട് തയ്യാറാക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സിനിമാ നിയമത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സാവകാശവും തേടി. പൊലീസില്‍ മൊഴി നല്‍കിയ ഒരു പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു.
ഭീഷണി നേരിടുന്നവര്‍ക്ക് എസ്ഐടി നോഡല്‍ ഓഫിസര്‍ക്ക് പരാതി അറിയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രേഖാമൂലം പരാതി നല്‍കണമെന്നില്ല. നോഡല്‍ ഓഫിസറെ ഫോണിലൂടെ അറിയിച്ചാല്‍ മതിയാകുമെന്നും കോടതി പറഞ്ഞു. ഭീഷണി നേരിടുന്ന പരാതിക്കാരെ സംരക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് എസ്ഐടിക്ക് നിര്‍ദേശം നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കും.

Exit mobile version