Site iconSite icon Janayugom Online

ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രമോഷൻ ഉത്തരവ് ഇറക്കിയില്ല; ആരോഗ്യ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രമോഷൻ നൽകണമെന്ന ഉത്തരവ് ഇറക്കാത്തതിനെ തുടർന്ന് ആരോഗ്യ സെക്രട്ടറി
രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 

2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളി. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് റദ്ദാക്കി ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ അറസ്റ്റ് വാറണ്ട്.

Exit mobile version