ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ സാധ്യതയുണ്ടെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ‘വെറും ആശ’ മാത്രമാണെന്ന് വിശേഷിപ്പിച്ച് ഇറാൻ. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ഇറാൻ ശനിയാഴ്ച വ്യക്തമാക്കി.
ഇസ്രയേൽ നാല് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാറായ എബ്രഹാം ഉടമ്പടിയെ സൂചിപ്പിച്ച്, “ആർക്കറിയാം, ഒരുപക്ഷേ ഇറാനും ഇതിൽ ചേർന്നേക്കാം” എന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ട്രംപിന്റെ ഈ നിർദേശത്തിന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ മറുപടി നൽകുകയായിരുന്നു. “വംശഹത്യ ചെയ്യുകയും കുട്ടികളെ കൊല്ലുകയും ചെയ്യുന്ന ഒരു അധിനിവേശ ഭരണകൂടത്തെ ഇറാൻ ഒരിക്കലും അംഗീകരിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

