നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്റെ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹാജരാക്കി. അതേസമയം ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 18 ന് പരിഗണിക്കാൻ മാറ്റി.
സുപ്രീംകോടതി ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ദിലീപ് വധഗൂഢാലോചനയിൽ പ്രതിയായത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. പ്രതി പല രീതിയിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിർണായക തെളിവുകൾ നശിപ്പിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു. ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹാജരാക്കി.
ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർത്ഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ ശബ്ദം വർധിപ്പിച്ചതിനാലാണ് തീയതി കണ്ടെത്താൻ കഴിയാത്തതെന്നും ഫോറൻസിക് ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ പ്രധാനമെന്ന് കോടതി പറഞ്ഞു.
അതേസമയം പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് നിലവിൽ ഹാജരാക്കിയ തെളിവുകൾ മതിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളെ ദിലീപ് ശക്തമായി എതിർത്തു. വധ ഗൂഢാലോചനക്കേസ്, അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികാരത്തിന്റെ ഭാഗമാണെന്നായിരുന്നു ദിലീപിന്റെ വാദം.
English Summary: Prosecution says there is evidence to cancel Dileep’s bail
You may like this video also