കൃഷി മുതൽ വിപണനം വരെ നേരിടുന്ന തീരാത്ത പ്രശ്നങ്ങൾ കാരണം ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയാണ് ഇന്ത്യയിലെ കർഷകർ. അവിടെയാണ് പരസ്യമായി കോർപറേറ്റുകൾക്ക് അനുകൂലമായി മൂന്ന് കാർഷിക നിയമങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നിശ്ചയദാർഢ്യത്തോടെ നടന്ന ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് ഒടുവിലാണ് കേന്ദ്ര സർക്കാർ മുഖം രക്ഷിക്കുന്നതിനു വേണ്ടി മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ നിർബന്ധിതമായത്. എല്ലാ പ്രതിസന്ധികളെയും കഠിനമായ കാലാവസ്ഥയെയും കോവിഡ് മഹാമാരിയെ പോലും നേരിട്ട 13 മാസങ്ങളാണ് അവർ ഡൽഹി അതിർത്തിയിൽ സമരം ചെയ്തത്. എന്നാൽ കുറഞ്ഞ താങ്ങുവില, വൈദ്യുതി ഭേദഗതിബിൽ പിൻവലിക്കൽ തുടങ്ങിയ രേഖാമൂലം നൽകിയ ഉറപ്പുകൾ പോലും പാലിക്കാന്‍ കേന്ദ്രസർക്കാർ ഇതുവരെ സന്നദ്ധമായിട്ടില്ല. സർക്കാർ നയങ്ങൾ കാരണം കർഷകരുടെ കടബാധ്യത വർധിച്ചു. വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. മതിയായ ജലസേചനത്തിന്റെ അഭാവം, പ്രവർത്തനക്ഷമമല്ലാത്ത വിള ഇൻഷുറൻസ് പദ്ധതി, പൊതുവായ ആനുകൂല്യ വിതരണത്തിനു പകരം നേരിട്ട് നൽകുന്ന രീതി എന്നിവയെല്ലാം കർഷകദുരിതം വർധിപ്പിക്കുകയാണ് ചെയ്തത്.
വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന അവശ്യവസ്തുക്കളുടെ വിലയുമൊക്കെയാണ് ഇന്ത്യയിലെ തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. പൊരുതിനേടിയ അവകാശങ്ങളെല്ലാം ഈസ് ഓഫ് ഡൂയിങ് ബിസിനസ് അഥവാ വ്യാപാരം നടത്താനുള്ള എളുപ്പത്തിന് എന്ന പേരിൽ ലേബർ കോഡുകളിലൂടെ വെള്ളം ചേർക്കപ്പെട്ടു. സ്ഥിരം ജോലികൾ കുറഞ്ഞു. സ്ഥിരവേതനമുള്ള തൊഴിലാളികൾ എന്ന അവസ്ഥ പുറംകരാർ, വിവിധ രീതികളിലുള്ള കരാർ ജോലികൾ, നിശ്ചിതകാലയളവിലെ തൊഴിൽ എന്നിങ്ങനെ രീതികളിലേക്ക് മാറി. കാർഷിക ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗമായ കർഷകത്തൊഴിലാളികളെയാണ് ഇത്തരം രീതി കൂടുതലായി ബാധിച്ചത്. അവർ സമ്പൂർണ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. പട്ടണങ്ങളിലേക്കും വൻകിട നഗരങ്ങളിലേക്കും കുടിയേറാൻ നിർബന്ധിതമാവുകയും ചെയ്തിരിക്കുന്നു. യാതൊരു സാമൂഹിക സുരക്ഷയും ഇല്ലാതെയാണ് അവരുടെ ജീവിതം.
ഇതുകൂടി വായിക്കൂ: വിള ഇന്‍ഷുറന്‍സ് കര്‍ഷകസൗഹൃദമാകണം
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനി(ഐഎൽഒ)ലെ സ്ഥാപകാംഗങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും ആദ്യത്തെ ഐഎൽഒ കൺവെൻഷനിൽ തന്നെ പ്രവൃത്തിസമയം എട്ടുമണിക്കൂർ എന്ന് നിജപ്പെടുത്തിയിരുന്നെങ്കിലും കേന്ദ്രസർക്കാരും ചില സംസ്ഥാന സർക്കാരുകളും വിദേശ കുത്തകകളുടെ താല്പര്യത്തിനനുസരിച്ച് 12 മണിക്കൂർ വരെയായി കൂട്ടിയിരിക്കുന്നു. സർക്കാർ എല്ലാവർഷവും ത്രികക്ഷി-സർക്കാർ, തൊഴിലാളി, ഉടമകൾ- യോഗങ്ങൾ വിളിച്ചു ചേർക്കേണ്ടതാണ്. നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും 2015ന് ശേഷം സർക്കാർ അത്തരമൊരു യോഗം വിളിച്ചുചേർത്തിട്ടില്ല. തൊഴിൽ കോഡുകളെല്ലാം പാസാക്കി എടുത്തിരിക്കുന്നത് ഒരു ചർച്ച പോലും നടത്താതെയാണ്.
ഈ സര്‍ക്കാരിന്റെ അടിസ്ഥാനതത്വം തന്നെ സ്വകാര്യവൽക്കരണമാണ്. ബിപിസിഎൽ, സിഇഎൽ, എയർ ഇന്ത്യ പോലുള്ള വൻകിട സ്ഥാപനങ്ങൾ വില്പനയ്ക്ക് വച്ചപ്പോൾ ആഗ്രഹിച്ച വേഗതയിൽ എത്തിയില്ലെന്ന സാഹചര്യത്തിൽ ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ എന്ന പദ്ധതി കൊണ്ടുവന്ന് ജനങ്ങളുടെ പണംകൊണ്ട് നിർമ്മിച്ച് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് ആസ്തി ഉണ്ടാക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചത്. എയർപോർട്ടുകൾ, ദേശീയപാതകൾ, തുറമുഖങ്ങൾ, റെയിൽവേ ട്രാക്കുകൾ, സ്റ്റേഷനുകൾ എല്ലാം കോർപറേറ്റുകൾക്ക് കൈമാറുന്നു.
കേന്ദ്രസർക്കാർ പിന്തുടരുന്ന ഇത്തരം നയങ്ങളുടെ ഫലമായി രാജ്യത്ത് ദരിദ്ര ജനവിഭാഗങ്ങളുടെ എണ്ണം വർധിക്കുന്നു. അതുകൊണ്ടുതന്നെ ദേശീയ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ ആവുകയും അതിസമ്പന്നരുടെ ആസ്തികൾ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാ സൂചകങ്ങളിലും ഇന്ത്യ താഴോട്ട് പോയി. ചരക്കുസേവന നികുതി എന്ന പേരിൽ പിരിച്ചെടുക്കുന്ന തുക സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്നതിനു പോലും തയ്യാറാകുന്നില്ല. ഏറ്റവും ഒടുവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലും തെളിവു നിയമത്തിലും എല്ലാം മാറ്റം വരുത്തി.
ഇതിനെക്കാളെല്ലാം അപകടകരമായതും നടന്നുകൊണ്ടിരിക്കുന്നു. അത് കേന്ദ്രസർക്കാർ പിന്തുടരുന്ന വിഭജനത്തിന്റെയും വെറുപ്പിന്റെയും നയങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കെതിരായി അതിക്രമങ്ങൾ രാജ്യമെമ്പാടും വർധിച്ചു. സാമുദായിക ധ്രുവീകരണ നീക്കങ്ങൾ ശക്തിപ്പെടുത്തി. അവകാശസമരങ്ങളിലെ മുഖ്യചാലകശക്തികളായ തൊഴിലാളികളെയും കർഷകരെയും ഉൾപ്പെടെ ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള സമീപനങ്ങൾ പലവിധത്തിൽ സ്വീകരിക്കുന്നു. അധികാരമുറപ്പിക്കുന്നതിനുവേണ്ടി അവർ കൈക്കൊള്ളുന്ന ഈ സമീപനത്തിന്റെ തെളിവാണ് മണിപ്പൂരിൽ കണ്ടുകൊണ്ടിരിക്കുന്ന വംശീയ കലാപങ്ങൾ. ഹരിയാനയിലും ഉത്തർപ്രദേശിലും ഗുജറാത്തിലും എല്ലാം വിവിധ രൂപത്തിൽ ഇത് നാം കണ്ടുകൊണ്ടിരിക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിനു വേണ്ടി യുഎപിഎ, ദേശദ്രോഹ നിയമം തുടങ്ങിയ കരിനിയമങ്ങളും ഉപയോഗിക്കുന്നു.
ഇതുകൂടി വായിക്കൂ: കാര്‍ഷികരംഗത്ത് ആശങ്ക
ഇത്തരം സാഹചര്യത്തിൽ എല്ലാവിഭാഗങ്ങളും യോജിച്ചുനിന്ന്, നിലവിലുള്ള ഭരണസംവിധാനത്തിനെതിരായ പോരാട്ടമാണ് നമുക്കു മുന്നിലുള്ള ഏകമാർഗം. ചെറുതും വലുതുമായ സമരങ്ങൾ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കുന്ന വിശാഖപട്ടണത്തും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പുതുച്ചേരി, ജമ്മു കശ്മീർ, ചണ്ഡീഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെയും പ്രക്ഷോഭങ്ങൾ അതിനുദാഹരണങ്ങളാണ്. ഇവിടെയെല്ലാം യോജിച്ച സമരങ്ങളിലൂടെ തങ്ങളുടെ നിലപാടുകളിൽ നിന്ന് പിൻവാങ്ങാൻ സർക്കാരുകൾ നിർബന്ധിതമായി.
ഈ അനുഭവങ്ങളുടെയും ഐതിഹാസികമായ കർഷകപ്രക്ഷോഭത്തിന്റെയും വെളിച്ചത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും മറ്റെല്ലാ ജനവിഭാഗങ്ങളുടെയും യോജിച്ച പോരാട്ടങ്ങൾ വളർത്തിക്കൊണ്ടുവരാനാണ് കേന്ദ്ര തൊഴിലാളി സംഘടനകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സംയുക്ത കിസാൻ മോർച്ചയ്ക്ക് കീഴിലെ കർഷക സംഘടനകൾ എന്നിവരുടെ ദേശീയ കൺവെൻഷൻ തീരുമാനിച്ചിരിക്കുന്നത്.
ആവശ്യങ്ങൾ
1. വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷണം, മരുന്ന്, കാർഷിക വസ്തുക്കൾ, കാർഷിക യന്ത്രങ്ങൾ തുടങ്ങിയവയ്ക്കുള്ള ചരക്കുസേവന നികുതി എടുത്തുകളയുക, പെട്രോളിയം ഉല്പന്നങ്ങൾ, പാചകവാതകം എന്നിവയ്ക്കുള്ള കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുക.
2. മുതിർന്ന പൗരന്മാർ, സ്ത്രീകൾ, അംഗപരിമിതർ, കായികതാരങ്ങൾ എന്നിവർക്കുള്ള റെയിൽവേ സൗജന്യം പുനഃസ്ഥാപിക്കുക.
3. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പൊതുവിതരണ സംവിധാനം സാർവത്രികമാക്കുകയും ചെയ്യുക.
4. എല്ലാവർക്കും വിദ്യാഭ്യാസം ആരോഗ്യം, ജലം, ശുചീകരണ സംവിധാനം എന്നിവ അവകാശമായി പ്രഖ്യാപിക്കുക. 2020ലെ പുതിയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക
5. എല്ലാവർക്കും വീട് യാഥാർത്ഥ്യമാക്കുക.
6. വനാവകാശ നിയമം കർശനമായി നടപ്പിലാക്കുക. താമസക്കാരെ അറിയിക്കുക പോലും ചെയ്യാതെ വനപ്രദേശങ്ങൾ വിനിയോഗിക്കാന്‍ കേന്ദ്രസർക്കാരിന് അനുമതി നല്‍കുന്ന 2023ലെ വനം സംരക്ഷണ നിയമ ഭേദഗതി, ജൈവവൈവിധ്യനിയമവും ചട്ടങ്ങളും പിൻവലിക്കുക, കർഷകർക്ക് ഭൂമി ഉറപ്പാക്കുക.
7. 26,000 രൂപ ദേശീയ മിനിമം വേതനമായി പ്രഖ്യാപിക്കുക
8. സ്ഥിരമായി ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുകൂട്ടുക
9. പൊതുമേഖലാ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സ്വകാര്യവൽക്കരണം, ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ പദ്ധതി എന്നിവ ഉപേക്ഷിക്കുക. ധാതുക്കളുടെയും ലോഹങ്ങളുടെയും ഖനനം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയും ഖനികളിൽ നിന്നുള്ള ലാഭത്തിന്റെ 50 ശതമാനം പ്രാദേശിക സമൂഹങ്ങളുടെ, പ്രത്യേകിച്ച് ആദിവാസികളുടെയും കർഷകരുടെയും ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുക.
10. 2022ലെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, മുൻകൂർ പണമടച്ചുള്ള സ്മാർട്ട്മീറ്ററുകൾ വേണ്ട.
11. തൊഴിലവകാശം മൗലികമാക്കുക, നിലവിലുള്ള തസ്തികകളിൽ നിയമനം നടത്തുകയും തൊഴിൽരഹിതർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക. തൊഴിലുറപ്പ് പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കുകയും 200 ദിന തൊഴിലും 600 രൂപ പ്രതിദിന വേതനം ഉറപ്പാക്കുകയും ചെയ്യുക. നഗര തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുക.
ഇതുകൂടി വായിക്കൂ: കേരള ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ
12. കർഷകർക്കുള്ള വിത്ത്, വളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്സിഡി തുക വർധിപ്പിക്കുക. ഉല്പാദന ചെലവിന്റെ അമ്പത് ശതമാനം കൂടുതൽ കണക്കാക്കി കുറഞ്ഞ താങ്ങുവില നിശ്ചയിക്കുകയും സംഭരണം ഉറപ്പാക്കുകയും ചെയ്യുക. കർഷക ആത്മഹത്യകൾ ഇല്ലാതാക്കുക.
13. കോർപറേറ്റ് അനുകൂല പ്രധാൻമന്ത്രി ഫസൽ ഭീമ യോജന പിൻവലിക്കുക. എല്ലാ വിളകളെയും ഉൾപ്പെടുത്തി, കാലാവസ്ഥാ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം, വിളയധിഷ്ഠിത രോഗങ്ങൾ എന്നിവയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാകുന്ന വിധത്തിൽ പൊതുമേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.
14. സമഗ്ര വായ്പാ എഴുതിത്തള്ളൽ നടപ്പിലാക്കി കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക.
15. ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ രക്തസാക്ഷികളായ കർഷകരുടെ പേരിൽ സിംഘു അതിർത്തിയിൽ സ്മാരകം പണിയുക, കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, നിലവിലുള്ള കേസുകൾ പിൻവലിക്കുക, കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടിയെടുക്കുക എന്നിങ്ങനെ യൂണിയൻ ഗവൺമെന്റ് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കുക.
16. നിശ്ചിതകാല തൊഴിൽ രീതിയും നാല് ലേബർ കോഡുകളും പിൻവലിക്കുക, തൊഴിൽ സുരക്ഷയും സമത്വവും ഉറപ്പാക്കുക. വീട്ടുജോലിക്കാർ, വഴിയോര കച്ചവടക്കാർ, വസ്ത്ര വില്പനക്കാർ, ഗാർഹിക‑നിർമ്മാണ‑കുടിയേറ്റ‑സ്കീം കർഷക തൊഴിലാളികൾ, കട/സ്ഥാപനങ്ങളിലെ ജീവനക്കാർ, ലോഡിങ്/അൺലോഡിങ്, ഗിഗ്, ഉപ്പ്, ബീഡി തൊഴിലാളികൾ, കള്ള് ചെത്തുന്നവർ, റിക്ഷവലിക്കുന്നവർ, ഓട്ടോ/റിക്ഷ/ടാക്സി ഡ്രൈവർമാർ, പ്രവാസി തൊഴിലാളികൾ, മത്സ്യബന്ധന സമൂഹം തുടങ്ങിയവർക്ക് രജിസ്ട്രേഷനും പെൻഷൻ ഉൾപ്പെടെയുള്ള സമഗ്ര സാമൂഹിക സുരക്ഷയും ഏർപ്പെടുത്തുക.
17. വെൽഫെയർ ഫണ്ടിൽ നിന്നുള്ള വിഹിതം ചേർത്ത് നിർമ്മാണ തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇ ശ്രം പദ്ധതിയിൽ ചേർന്നവർക്ക് ആരോഗ്യ പദ്ധതി, പ്രസവാനുകൂല്യം, ജീവനും അംഗവൈകല്യത്തിനുമുള്ള ഇൻഷുറൻസ് തുടങ്ങിയവ ഏർപ്പെടുത്തുക.
18. ഗാർഹിക തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ഐഎൽഒ കൺവെൻഷൻ പ്രകാരം അംഗീകരിക്കുകയും ഉചിതമായ നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുക. കുടിയേറ്റത്തൊഴിലാളികളെ സംബന്ധിച്ച വ്യക്തമായ നയം രൂപീകരിക്കുകയും അന്തർ സംസ്ഥാന കുടിയേറ്റത്തൊഴിലാളി ശാക്തീകരണ നിയമം ശക്തിപ്പെടുത്തുകയും ചെയ്യുക. അവരുടെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ എവിടെയും ഉപയോഗിക്കാവുന്ന വിധം ക്രമീകരിക്കുക.
19. പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയത് പുനഃസ്ഥാപിക്കുക, എല്ലാവർക്കും സാമൂഹ്യ സുരക്ഷ ഏർപ്പെടുത്തുക.
20. അതിധനികര്‍ക്ക് നികുതി ഏർപ്പെടുത്തുക. കോർപറേറ്റ് നികുതി വർധിപ്പിക്കുക. വെൽത്ത് ടാക്സ് നടപ്പിലാക്കുക.
21. അഭിപ്രായസ്വാതന്ത്യം, വിയോജിക്കുവാനുള്ള അവകാശം, മതസ്വാതന്ത്ര്യം, സാംസ്കാരിക‑ഭാഷാപരമായ വൈജാത്യം, നിയമസമത്വം, രാജ്യത്തിന്റെ ഫെഡറല്‍ ഘടന എന്നിങ്ങനെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക.