Site iconSite icon Janayugom Online

സൗദി കിരീടാവകാശിയുടെ സംരക്ഷണം: മോഡിക്ക് നല്കിയതിന് തുല്യമെന്ന് യുഎസ്

saudisaudi

ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ നയതന്ത്ര പരിരക്ഷ നരേന്ദ്ര മോ‍ഡിക്ക് നല്‍കിയതിനു സമാനമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ യുഎസ് കോടതിയില്‍ നല്‍കിയിട്ടുള്ള സിവില്‍ ഹര്‍ജിയില്‍ നടപടികള്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മോഡിയെ പരാമര്‍ശിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. നേരത്തെ നിരവധി രാഷ്ട്രത്തലവന്മാര്‍ക്ക് യുഎസ് നയതന്ത്ര പരിരക്ഷ നല്‍കിയിട്ടുണ്ട്. ഹെയ്തി പ്രസിഡന്റ് അരിസ്റ്റെഡ്, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, കോംഗോ പ്രസിഡന്റ് കബില എന്നിവരുടെ പേരുകളും മോഡിക്കൊപ്പം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പരാമര്‍ശിച്ചു.

2002 ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ് മോഡിക്ക് അമേരിക്ക വിസാ നിരോധനം ഏര്‍പ്പെടുത്തിയത്. കലാപം തടയുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡി നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. 2014 ല്‍ മോ‍ഡി പ്രധാനമന്ത്രിയായതിനു ശേഷമാണ് അമേരിക്ക നിരോധനം നീക്കിയത്. ശേഷം പലതവണ മോ‍ഡി അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സമാന നടപടി സ്വീകരിച്ചിരുന്നു. അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരാമര്‍ശത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. 

സൗദി അറേബ്യയുടെ ഭരണാധികാരിയെന്ന നിലയില്‍ മുഹമ്മദ് ബിന്‍ സല്‍മാന് നിയമപരിരക്ഷയുണ്ടെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഖഷോഗി ഇസ്താബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കള്ളതായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎ കണ്ടെത്തിയിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം രാഷ്ട്രത്തലവന്മാര്‍ക്ക് കോടതി നടപടികളില്‍ നിന്ന് ലഭിക്കുന്ന പരിരക്ഷ മുഹമ്മദ് ബിന്‍ സല്‍മാനും ബാധകമാണെന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Pro­tec­tion of Sau­di crown prince: US says equal to that giv­en to Modi

You may also like this video

Exit mobile version