Site icon Janayugom Online

തൊഴിലില്ലായ്മക്കിടയില്‍ കേന്ദ്രം ഞങ്ങളെ വെച്ച് പബ്ജി കളിക്കുകയാണ്: അഗ്നിപഥ് പ്രദ്ധതിയില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍

സൈനികരെ സായുധ സേനയിലേക്ക് ഹ്രസ്വകാല കരാറിൽ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയിൽ അതൃപ്തി പ്രകടിപ്പിച്ച് സൈനിക ഉദ്യോഗാര്‍ത്ഥികള്‍ ബിഹാറില്‍ പ്രതിഷേധിച്ചു. യുവജനതയുടെ ഭാവിക്ക് ദോഷം ചെയ്യുന്ന പദ്ധതിയാണിതെന്ന് പറഞ്ഞ് മുസാഫർപൂരിൽ ഒത്തുകൂടിയ ഉദ്യോഗാര്‍ത്ഥികള്‍ ഹൈവേ തടഞ്ഞ് പ്രതിഷേധിച്ചു. നാല് വര്‍ഷം കഴിഞ്ഞാല്‍ 25 ശതമാനം പേരെ മാത്രമേ പദ്ധതി പ്രകാരം നിലനിര്‍ത്തുകയുള്ളൂവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. റിക്രൂട്ട്‌മെന്റ് റാലികൾ പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തൊഴിലില്ലായ്മയ്ക്കിടയില്‍ കേന്ദ്രം തങ്ങളെ വച്ച് പബ്ജി കളിക്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. 

ലഖ്‌നൗവിനെ ബിഹാറിലെ ബറൗനിയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 28‑ൽ ടയറുകളും ഹോർഡിംഗുകളും കത്തിച്ചും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മുസാഫർപൂർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ചക്കർ ചൗക്കിലും ‘ഞങ്ങള്‍ക്ക് ജോലി നല്‍കൂ , അല്ലെങ്കില്‍ കൊന്നു കളയൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കോവിഡ് ആരംഭിച്ചതിന് ശേഷം രണ്ട് വർഷം മുമ്പ് പതിവ് റിക്രൂട്ട്‌മെന്റ് റാലികൾ നിർത്തിവച്ചിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചിട്ടില്ല. അതും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ന്യൂഡൽഹി കര, നാവിക, വ്യോമ സേനകളിൽ യുവാക്കൾക്ക് നാല് വർഷത്തേക്കു ഹ്രസ്വകാല നിയമനം നൽകുന്ന പദ്ധതിയാണ് ‘അഗ്നിപഥ് പദ്ധതി’. സൈന്യത്തിലെ നിയമന രീതിയിൽ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണിതെന്നാണ് കേന്ദ്രത്തിന്റെ വാദം. 

Eng­lish Sum­ma­ry: Protest against Agni­path in Bihar

You may like this video also

Exit mobile version