Site iconSite icon Janayugom Online

ക്രിസ്തീയ വിശ്വാസികൾക്കെതിരായ ബിജെപി — ആർഎസ്എസ് ആക്രമണത്തിനെതിരെ പ്രതിഷേധിക്കുക: ബിനോയ് വിശ്വം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത ബിജെപി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പാർട്ടി ഘടകങ്ങളും വിപുലമായ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി വാഴ്ചയിൻ കീഴിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഡിൽ മറനീക്കി പുറത്തുവന്നത്. കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്റംഗ്ദള്‍ ആർഎസ്എസ് കുടുംബാംഗവും ബിജെപിയുടെ ആശയ മച്ചുനനും ആണ്. രാജ്യത്ത് ആകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയ വിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞതെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരിൽ ഒരു വിഭാഗം ബിജെപിയോട് പുലർത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ ആകെ അമ്പരപ്പിക്കുന്നതാണ്. ക്രിസ്ത്യൻ — മുസ്ലിം വൈരം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂർവ്വം ബിഷപ്പുമാരെങ്കിലും ഉണ്ട്.ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പോലെ കേക്കുമായി അരമനകളിൽ ചെല്ലുന്ന ബിജെപി നേതാക്കന്മാരെ മുഖവിലയ്ക്കെടുത്ത വരാണവർ.അവരെ വിശ്വസിച്ച വിശ്വാസികളാണ് ഇന്ന് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് തെരുവിലിറങ്ങിയിരിക്കുന്നത്.

ഛത്തീസ്ഗഡിൽ നടന്ന ഈ അതിക്രമങ്ങൾക്ക് ശേഷം ബിജെപിയുടെ കേന്ദ്ര നേതൃത്വവും കേരള നേതൃത്വവും അന്യോന്യം കണ്ണിറുക്കി കാണിക്കുകയും
ജനങ്ങളെ ആകെ വഞ്ചിക്കുകയും ആണ് ചെയ്യുന്നത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലകൊള്ളുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

Exit mobile version