Site iconSite icon Janayugom Online

എ ഐ ഉച്ചകോടിയില്‍ മോഡിക്കെതിരായ പ്രതിഷേധം ;യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെ ഡല്‍ഹിയില്‍ അറസ്റ്റില്‍

ഭാരത് മണ്ഡപില്‍ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് ഉദയ് ബാനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് .കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. എഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് ഉദയ്ബാനുവിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വാദം.

ചൊവ്വാഴ്ച പത്ത് മണിയോടെ ഉദയ്ബാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.അതേസമയം, ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലെ സംഘടനാ ആസ്ഥാനത്തിന് സമീപം തമ്പടിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് എഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എതിരെ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധം രേഖപ്പെടുത്തിയത്.

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ മോഡിയുടെ പേരുള്‍പ്പെട്ടതും പരാമര്‍ശിച്ചായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കയ്യില്‍ മോഡിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.വൃത്തികെട്ടതും നഗ്നവുമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും രാജ്യത്തിന് സന്തോഷം വരുന്ന കാര്യങ്ങള്‍ അവര്‍ മുടക്കുമെന്നും പ്രധാനമന്ത്രി മോഡി മീററ്റില്‍ ഒരു റാലിക്കിടെ പറഞ്ഞിരുന്നു.

Exit mobile version