പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വൈറ്റ് ഹൗസിന് പുറത്തും വന്‍ പ്രതിഷേധം. മോഡി ഭരണത്തില്‍ നടക്കുന്ന ന്യൂനപക്ഷങ്ങളുടെ പീഡനത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ഇന്ത്യൻ അമേരിക്കൻ പൗരന്മാരാണ് വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയത്.
പൗരാവകാശ മതേതര സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ മകൾ ആകാശി ഭട്ട് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.
ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസയിലെ നോർത്ത് ലോണിന് സമീപം കുക്കി സംഘടനയായ നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ (എൻഎഎംടിഎ) പ്രതിഷേധം സംഘടിപ്പിച്ചു. മണിപ്പൂരിലെ വംശഹത്യക്കെതിരെയായിരുന്നു പ്രതിഷേധം. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം കുക്കി സമുദായത്തിനായി പ്രത്യേക ഭരണമേഖല സ്ഥാപിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എൻഎഎംടിഎ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത് നൽകി.
കഴിഞ്ഞദിവസം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. പരസ്പര വിശ്വാസത്തോടെയുള്ള പങ്കാളിത്തവും സഹകരണവും ഉദിച്ചുയരുന്ന സൂര്യനേപ്പോലെയാണെന്നും ലോകത്തിനാകെ പ്രകാശം പകരുമെന്നും മോഡി പറഞ്ഞു.
ലോക വ്യാപാര സംഘടനയിലെ ആറ് വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്നലെ ഇന്ത്യ‑യുഎസ് ധാരണയായി. ഇതനുസരിച്ച് ബദാം, വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ 28 അമേരിക്കന്‍ ഉല്പന്നങ്ങളുടെ അധിക കസ്റ്റംസ് തീരുവ ഇന്ത്യ നീക്കം ചെയ്യും. ത്രിദിന യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും.