Site iconSite icon Janayugom Online

പാർട്ടിഗേറ്റ് അന്വേഷണത്തിനെതിരെ പ്രതിഷേധം; ബോറിസ് ജോൺസണ്‍ എംപി സ്ഥാനം രാജിവച്ചു

പാർട്ടിഗേറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിയേണ്ടി വന്ന ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ എംപി സ്ഥാനവും രാജിവച്ചു. ബ്രിട്ടീഷ് അധോസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്നതിനിടെ പ്രതിഷേധമെന്ന നിലയ്ക്കാണ് ബോറിസിന്റെ രാജി. അന്വേഷണം നടത്തുന്ന എംപിമാരുടെ സമിതി, തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണ സമിതിയിൽ നിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. കത്ത് കൈപ്പറ്റിയതിന് പിന്നാലെ ‘കങ്കാരൂ കോടതി‘കളായാണ് സമിതി പ്രവർത്തിക്കുന്നതെന്ന് ബോറിസ് ക്ഷുഭിതനായി പ്രതികരിച്ചു. 

രാഷ്ട്രീയ ഉന്നം വച്ചാണ് സമിതിയുടെ പ്രവർത്തനങ്ങൾ. അവരുടെ വാദങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെങ്കിലും ഒരു ചെറിയ കൂട്ടം ആളുകൾ എന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും ബോറിസ് സമിതിക്കെതിരെ ആരോപണമുന്നയിച്ചു. പ്രധാനമന്ത്രി റിഷി സുനകിനെയും ബോറിസ് പരോക്ഷമായി വിമർശിച്ചു. താൻ നടപ്പിലാക്കിയ ബ്രെക്സിറ്റിൽ നിന്ന് ഒരു മടക്കയാത്രയ്ക്കാണ് ചിലർ ശ്രമിക്കുന്നതെന്നും പഴയ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയേക്കുമെന്നും ബോറിസ് പറഞ്ഞു. ബോറിസിന്റെ രാജിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ പടിഞ്ഞാറൻ ലണ്ടനിൽ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കും. അതേസമയം, രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന സൂചന നൽകിക്കൊണ്ടാണ് ബോറിസ് രാജിപ്രഖ്യാപിച്ചത്. ഇപ്പോഴത്തേക്ക് പാർലമെന്റിൽ നിന്ന് പുറത്തുപോകുന്നുവെന്നായിരുന്നു ബോ­­­റിസിന്റെ പ്രസ്താവന. 

എന്നാൽ 22 വർഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാണ് രാജിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടനിലാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബോറിസ് തന്റെ ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയിരുന്നെന്ന ആരോപണത്തിലാണ് അന്വേഷണം നേരിടുന്നത്. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ അധോസഭയിൽ ഉയർന്നപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ബോറിസ് നൽകിയതെന്ന പേരിലാണ് പാർലമെന്ററി പ്രിവിലേജസ് സമിതിയുടെ അന്വേഷണം നേരിടുന്നത്. നിയമനിർമ്മാതാക്കളുടെ പ്രധാന അച്ചടക്ക സമിതിയാണ് പാർലമെന്ററി പ്രിവിലേജസ് കമ്മിറ്റി. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ബോറിസിന്റെ രാജി കൺസർവേറ്റിവ് പാർട്ടിയിലെ ഭിന്നതയുടെ സൂചന കൂടിയാണ് നല്‍കുന്നത്.

Eng­lish Summary:Protest against Par­ty­gate inves­ti­ga­tion; Boris John­son resigns as MP

You may also like this video

Exit mobile version