സര്‍ക്കാരിന്റെ നാടുകടത്തല്‍ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന മിനസോട്ടയിലേക്ക് 1,500 സൈനികരെ വിന്യസിക്കുമെന്ന് പെന്റഗണ്‍. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് സെെനികരെ വിന്യസിക്കാനുള്ള തീരുമാനം. പ്രസിഡന്റിന്റെ ഏതൊരു തീരുമാനത്തിനും പെന്റഗൺ തയ്യാറായിരിക്കണമെന്ന് വെെറ്റ് ഹൗസ് പ്രസ്താവനയില്‍ നിര്‍ദേശിച്ചു. തണുത്ത കാലാവസ്ഥയെ നേരിടുന്നതിൽ വൈദഗ്ദ്ധ്യം നേടിയ, അലാസ്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 11-ാമത് എയർബോൺ ഡിവിഷനു കീഴിലുള്ള രണ്ട് യുഎസ് ആർമി ഇൻഫൻട്രി ബറ്റാലിയനുകളെയാണ് മിനസോട്ടയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്ന പ്രതിഷേധക്കാരെ സംസ്ഥാന ഉദ്യോഗസ്ഥർ തടഞ്ഞില്ലെങ്കിൽ, സൈനികരെ വിന്യസിക്കാൻ കലാപ നിയമം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിനസോട്ടയിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാർ നിയമം അനുസരിക്കുകയും ഇമിഗ്രേഷന്‍ വകുപ്പിലെ ദേശസ്നേഹികളായ ഏജന്റുമാരെ തടയുകയും ചെയ്തില്ലെങ്കിൽ കലാപ നിയമം പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഈ മാസം ഏഴിന് റെനി ഗുഡെന്ന 37 കാരിയെ ഐസിഇ ഏജന്റുമാര്‍ വെടിവച്ച് കൊന്നിരുന്നു. ഈ സംഭവത്തോടെ മിനസോട്ടയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ മിനിയാപൊളിസിൽ പ്രദേശവാസികളും ഫെഡറൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ സംഘർഷഭരിതമായി. കഴിഞ്ഞ ആഴ്ച ആദ്യം മുതൽ ഐസിഇയിൽ നിന്നും ബോർഡർ പട്രോളിൽ നിന്നും ഏകദേശം 3,000 ഫെഡറൽ ഏജന്റുമാരെ മിനിയാപൊളിസിലേക്കും സെന്റ് പോളിലിലേക്കും അയച്ചിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും പ്രതിഷേധക്കാരിൽ നിന്ന് ഫെഡറൽ സ്വത്തുക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനും ലോസ് ഏഞ്ചൽസ്, ചിക്കാഗോ, വാഷിങ്ടൺ ഡിസി, മെംഫിസ്, ഒറിഗോണിലെ പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ സൈനിക വിന്യാസം ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം.
ഫെഡറല്‍ സെെനികരുടെ വിന്യാസത്തിനെതിരെ നിരവധി സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചിക്കാഗോ, ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ നാഷണല്‍ ഗാര്‍ഡിനെ പിന്‍വലിച്ചു. പ്രസിഡന്റ് ഫെഡറൽ അധികാര പരിധി ലംഘിച്ചുവെന്നും സൈന്യത്തെ അയയ്ക്കുന്നതിനെ ന്യായീകരിക്കാൻ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

