Site iconSite icon Janayugom Online

വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം; കോഴിക്കോട്ട്‌ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും

താരമശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പ്രതിഷേധിക്കും.താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടും ആശുപത്രി ആക്രമങ്ങള്‍ തടയാന്‍ സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുമെന്നും സംഘടന വ്യക്തമാക്കി.

മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍ സമയബന്ധിതമായി പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ രോഗീപരിചരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ വ്യക്തമാക്കി.

Exit mobile version