Site iconSite icon Janayugom Online

പ്രതിഷേധം; വിവാദ കന്നുകാലി ബിൽ പിൻവലിച്ച് കേന്ദ്രം

രാജ്യത്ത് ജീവനുള്ള മൃഗങ്ങളെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിനുള്ള കന്നുകാലി ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. സർക്കാർ അനുകൂല സംഘടനകളിൽ നിന്നുവരെ ബില്ലിലെ ചില വ്യവസ്ഥകൾക്കെതിരെ അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് ബിൽ പിൻവലിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇടയാക്കുന്നതാണ് കരടിലെ വ്യവസ്ഥകളെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നി‍ർദേശങ്ങളും സ്വീകരിക്കുന്നതിനായി ജൂൺ ഏഴിനാണ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ വെബ്സൈറ്റിൽ കന്നുകാലി ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചത്. 10 ദിവസമായിരുന്നു കരടിൽ അഭിപ്രായം അറിയിക്കുന്നതിനായി നൽകിയിരുന്ന സമയം. ജീവനുള്ള മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും പുറമെ നായകൾ, പൂച്ചകൾ, പക്ഷികൾ തുടങ്ങിയവയെയും പട്ടികയിൽ ഉൾപ്പെടുത്തിയെന്നതും എതിർപ്പിനിടയാക്കി. കഴുതകൾ, കുതിരകൾ, കോവർകഴുതകൾ, പശുക്കൾ, പോത്ത്, ചെമ്മരിയാടുകൾ, ആട്, പന്നി, നായ, പൂച്ച, പക്ഷി, ലബോറട്ടറി മൃഗങ്ങൾ, ജലജീവികൾ തുടങ്ങിയവയെയും ലൈവ്സ്റ്റോക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

1898ലെ ലൈവ്സ്റ്റോക്ക് ഇംപോ‍ർട്ടേഷൻ ആക്ട് പ്രകാരമാണ് നിലവിൽ രാജ്യത്തേക്കുള്ള കന്നുകാലി ഉല്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കപ്പെടുന്നത്. ജീവനുള്ള മൃ​ഗങ്ങളുടെയും കന്നുകാലി ഉല്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തേക്ക് സാംക്രമിക രോ​ഗങ്ങൾ പ്രവേശിക്കുന്നത് തടയാനും രാജ്യത്തെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിയമം. 

കന്നുകാലികളുടെയും കന്നുകാലി ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള നിയന്ത്രണങ്ങൾ, കന്നുകാലി ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ, പകർച്ചവ്യാധികൾക്ക് ഇരയാകാൻ സാധ്യതയുള്ള കന്നുകാലികളുടെയും കന്നുകാലി ഉല്പന്നങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവയാണ് കരടിലുള്ളത്. ദേശീയ ലൈവ് സ്റ്റോക്ക് ബോർഡ് രൂപീകരിക്കാനും ബിൽ നിർദേശിക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ് അടക്കം സിനിമാ-ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ, മൃഗസംഘടനകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ കരടിനെതിരെ രംഗത്തെത്തിയിരുന്നു. 

Eng­lish Summary:protest; Cen­ter with­draws con­tro­ver­sial cat­tle bill
You may also like this video

Exit mobile version