Site icon Janayugom Online

പ്രതിഷേധം: ലോക്സഭ പിരിഞ്ഞു

സര്‍ക്കാര്‍ വിലക്കുകള്‍ അവഗണിച്ച് പ്രതിപക്ഷം നടത്തിയ ജനാധിപത്യ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. രാജ്യസഭാ നടപടികള്‍ ഉച്ചയോടെ അവസാനിച്ചപ്പോള്‍ ഉച്ചതിരിഞ്ഞു ചേര്‍ന്ന ലോക്‌സഭയിലും സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇരു സഭകളും ഇന്നലത്തേക്ക് പിരിയുകയാണുണ്ടായത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പാര്‍ലമെന്റ് ഇന്നലെ സമ്മേളിച്ചത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. ലോക്‌സഭയില്‍ നാലും രാജ്യസഭയില്‍ 28 അംഗങ്ങളുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗം കേരളത്തില്‍ നിന്നുള്ള പി ടി ഉഷയും തമിഴ്‌നാട്ടില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ഇളയരാജയും ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്, പി ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയരും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ട ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്കുള്‍പ്പെടെ ആദരം അര്‍പ്പിച്ചാണ് സഭാനടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജിഎസ്‌ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രാജ്യസഭയുടെ നടുത്തളത്തില്‍ ഇടം പിടിച്ചതോടെ സഭ ‌ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസുകള്‍ക്ക് അനുമതി നല്‍കാതിരുന്ന സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഉച്ചകഴിഞ്ഞ് രണ്ടുവരെ സഭ നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് സ്പീക്കര്‍ നിരാകരിച്ചു. പ്രതിപക്ഷം ഇതിനെതിരെ നടത്തിയ പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതായതോടെ പത്തു മിനിറ്റ് നീണ്ട സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ 32 ബില്ലുകളാണ് സര്‍ക്കാര്‍ സഭയുടെ പരിഗണനയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 24 എണ്ണം പുതിയതും ബാക്കിയുള്ളവ പരിഗണനയില്‍ ഉള്ളവയുമാണ്. 14 ദിവസം പ്രവൃത്തി സമയമുള്ള വര്‍ഷകാല സമ്മേളനത്തില്‍ 32 ബില്ലുകള്‍ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. സര്‍ക്കാരിന്റെ ബിസിനസുകള്‍ക്ക് സമയം കൂടുതല്‍ അനുവദിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന അഗ്നിപഥ്, വിലക്കയറ്റം, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ സഭയില്‍ അര്‍ഹമായ സമയം അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Protest: Lok Sab­ha dissolved

You may like this video also

Exit mobile version