Site iconSite icon Janayugom Online

പുതിയത് വേണ്ട പഴയ പതാക മതി; ലണ്ടനിലെ ഇറാനിയൻ എംബസിയിലെ പതാക നീക്കം ചെയ്ത് പ്രതിഷേധക്കാര്‍

ലണ്ടനിലെ ഇറാനിയൻ എംബസിയിലെ പതാക അഴിച്ച് മാറ്റി പ്രതിഷേധക്കാര്‍. രാജ്യത്തിന്റെ ഔദ്യോഗിക പതാക മാറ്റി 1979ന് മുമ്പുള്ള ഇറാനിയൻ പതാക ഉയര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

കെൻസിങ്ടണിലെ ഇറാനിയൻ എംബസി കെട്ടിടത്തിന്റെ മുൻവശത്തെ ബാൽക്കണിയിലേക്ക് വലിഞ്ഞുകയറിയ പ്രതിഷേധക്കാരൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക പതാക താഴെയിറക്കി പകരം 1979‑ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിൽ നിലനിന്നിരുന്ന സിംഹവും സൂര്യനും അടയാളമുള്ള പതാക ഉയർത്തുകയായിരുന്നു. താഴെ തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാർ വലിയ കൈയടികളോടും മുദ്രാവാക്യങ്ങളോടും കൂടിയാണ് ഈ പ്രവൃത്തിയെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ലണ്ടനിലെ ഇറാനിയൻ എംബസി ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ലണ്ടനിലും ഇത്തരമൊരു പ്രതിഷേധം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ഡിസംബർ 28‑ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഭരണകൂടത്തിന് നേരെയുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ ഇറാനിൽ 72 പേർ കൊല്ലപ്പെടുകയും 2,300-ലധികം പേർ തടവിലാക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

Exit mobile version