Site icon Janayugom Online

പ്രവാചക നിന്ദയാരോപിച്ച് പാകിസ്ഥാനിൽ സാംസങ്ങിന് നേരെ പ്രതിഷേധം

പ്രവാചക നിന്ദ ആരോപിച്ച് പാകിസ്ഥാനിൽ സാംസങ്ങിന് നേരെ പ്രതിഷേധം. വെള്ളിയാഴ്ച പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ഒരു മാളിൽ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപകരണങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിക്കും അനുയായികൾക്കെതിരെയുള്ള പ്രസ്താവന കേൾപ്പിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ സാംസങ് പരസ്യബോർഡുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.

പ്രതിഷേധത്തെ തുടർന്ന് കറാച്ചി പൊലീസ് വൈഫൈ ഉപകരണങ്ങളും ഓഫ് ചെയ്യുകയും മൊബൈൽ ഫോൺ കമ്പനിയിലെ 20 ലധികം ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

മതപരമായ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളിലും വസ്തുനിഷ്ഠത പുലർത്താൻ ശ്രമിച്ചെന്ന് സാംസങ് ഇലക്ട്രോണിക്സ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മതവികാരങ്ങളെയും വിശ്വാസങ്ങളെയും കമ്പനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഇസ്ലാം മതത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

Eng­lish summary;Protests against Sam­sung in Pak­istan for blas­phem­ing the Prophet

You may also like this video;

Exit mobile version