Site iconSite icon Janayugom Online

നാഗാലാന്‍ഡില്‍ പ്രതിഷേധം കത്തുന്നു

nagalandnagaland

ഗ്രാമീണരെ കൂട്ടക്കൊല ചെയ്ത സൈന്യത്തിന്റെ നടപടിക്കെതിരെ നാഗാലാന്‍ഡില്‍ പ്രതിഷേധം ആളിക്കത്തുന്നു. നിരവധി സൈനിക വാഹനങ്ങള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കി. സൈന്യത്തിനെതിരായ പ്രതിഷേധം മോണ്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഗ്രാമീണര്‍ ഉള്‍പ്പെടുന്ന കൊന്യാക് ഗോത്രവര്‍ഗ സംഘടനകള്‍ക്കു പുറമെ മറ്റ് സാമുദായിക സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റമുണ്ടാവുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ്​ പാരാ സ്പെഷല്‍ ഫോഴ്സിന്റെ കമാന്‍ഡോ സംഘം എത്തിയത്. തുടര്‍ന്ന് തിരു-ഓട്ടിങ്​ റോഡി​ലൂടെ വരികയായിരുന്ന വാഹനം ലക്ഷ്യമാക്കി ആക്രമണം നടത്തി. എന്നാല്‍ ഖനിയില്‍ നിന്നും മടങ്ങിയ സാധാരണ തൊഴിലാളികളാണ്​ വാഹനത്തിലുണ്ടായിരുന്നത്​. തുടര്‍ന്ന് ജനങ്ങള്‍ സൈന്യത്തിനെതിരെ തിരിയുകയായിരുന്നു.
കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും കൊന്യാക് ഗോത്ര നേതാക്കള്‍ പറയുന്നു. എന്‍എസ്‌സിഎന്‍(കെ)യ്ക്ക് പുറമെ ഉള്‍ഫയ്ക്കും ഏറെ സ്വാധീനമുള്ള മേഖലയാണ് അസമിനോടും മ്യാന്‍മറിനോടും അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ല. വര്‍ഷങ്ങളായി നാഗാലാന്‍ഡ് അഫ്സ്പ കരിനിയമത്തിന് കീഴിലാണ്. ജനങ്ങള്‍ ഇനിയും സൈനികര്‍ക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. വിഘടനവാദ സംഘടനകള്‍ ഇത് മുതലെടുക്കുമെന്നും ആശങ്കയുണ്ട്.
മോണ്‍ നഗരത്തിലെ അസം റൈഫിള്‍സ് ക്യാമ്പിന് ഇന്നലെ രാത്രി പ്രതിഷേധക്കാര്‍ തീയിട്ടു. ആയിരക്കണക്കിനാളുകളാണ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിക്കുന്ന ക്യാമ്പ് വളഞ്ഞത്. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കരസേനാ മേധാവി എം എം നരവനെയും ചര്‍ച്ച നടത്തി.
സൈന്യം തനിക്കുനേരെ വെടിവച്ചുവെന്ന് ബിജെപി മോണ്‍ ജില്ലാ പ്രസിഡന്റ് ന്യാവാങ് കൊന്യാക് ആരോപിച്ചു. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ബിജെപി നേതാവിനെയും സംഘത്തെയും സൈന്യം തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തന്റെ ബന്ധുവിനും അയല്‍ക്കാരനും വെടിയേറ്റു. ഒരാള്‍ ആശുപത്രിയില്‍വച്ച് മരിച്ചതായും ബിജെപി നേതാവ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ആഭ്യന്തര മന്ത്രാലയം എന്ത് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Protests are burn­ing in Nagaland
You may like this video also

Exit mobile version