Site iconSite icon Janayugom Online

പിഎം ശ്രിയില്‍ പ്രതിഷേധം ശക്തം

പിഎം ശ്രി പദ്ധതിയില്‍ ഒപ്പിട്ട തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യുവജന‑വിദ്യാര്‍ത്ഥി സംഘടനകള്‍. എഐവൈഎഫ്, എഐഎസ്എഫ് നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി മാര്‍ച്ചും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. കേരളം എന്‍ഇപിക്ക് കീഴടങ്ങരുത്, പിഎം ശ്രി എംഒയു നിബന്ധനകൾ വ്യക്തമാക്കുക, വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാർ ഇടപെടലുകളെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. പിഎം ശ്രി പദ്ധതിയില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ജിസ്‌മോന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ എവിടെ നടന്നാലും അതില്‍ പ്രതിഷേധിക്കാന്‍ എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും കൊടികള്‍ അവിടെയുണ്ടാകുമെന്ന് ഓര്‍മ്മിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതെന്ന് ജിസിമോന്‍ പറഞ്ഞു. സാമ്പത്തിക ആവശ്യങ്ങളെയും രാഷ്ട്രീയ ആവശ്യങ്ങളെയും തിരിച്ചറിയാൻ സർക്കാരിന് കഴിയണം. ദേശീയ അടിസ്ഥാനത്തില്‍ വളരെയധികം പ്രാധാന്യമുള്ള വിഷയത്തില്‍ മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാരിന്റെ നീക്കമുണ്ടായത്. 

ഞാന്‍ ഈ സ്ഥാനത്തിരിക്കുമ്പോള്‍ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഇപ്പോള്‍ ചോദിക്കുന്നത് എന്‍ഇപിക്ക് എന്താണ് കുഴപ്പമെന്നാണ്. വി ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് അങ്ങനെ ചോദിച്ചാല്‍ അദ്ദേഹത്തിന് നയവ്യതിയാനം ഉണ്ടായെന്ന് ചിന്തിക്കേണ്ടിവരും. കേരളത്തില്‍ ഇനി ഗോള്‍വാള്‍ക്കറിനെക്കുറിച്ചും ഹെഡ്ഗെവാറിനെക്കുറിച്ചും പഠിപ്പിക്കുമെന്ന് പറയാന്‍ കെ സുരേന്ദ്രന് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. അത് ശാഖയില്‍പോയി പഠിപ്പിച്ചാല്‍ മതിയെന്നും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്നുമാണ് കെ സുരേന്ദ്രനോട് പറയാനുള്ളതെന്നും ടി ടി ജിസ്‌മോന്‍ വ്യക്തമാക്കി. 

എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ അധിന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. വിനീത വിൻസന്റ്, എസ് വിനോദ് കുമാർ, ആദർശ് കൃഷ്ണ, കണ്ണൻ എസ് ലാൽ, ജോബിൻ ജേക്കബ്, അസ്ലം ഷാ, എ ആന്റസ്, എം രാഹുൽ, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. 

Exit mobile version