Site iconSite icon Janayugom Online

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രതിഷേധം

ഫോസില്‍ ഇന്ധന ലോബിയിസ്റ്റുകളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വേദിക്കു മുന്നില്‍ പ്രതിഷേധം. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ 600 ലധികം പേര്‍ ഫോസില്‍ ഇന്ധന കമ്പനികളുടെ പ്രതിനിധികളാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വിറ്റ്നസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. നിയമനിർമ്മാതാക്കളെ സ്വാധീനിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന ഫോസില്‍ ഇന്ധന കമ്പനികളെ കാലാവസ്ഥാ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ആവശ്യം. കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്ത ഫോസില്‍ ഇന്ധന കമ്പനി പ്രതിനിധികളെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണ് കോപ് 27 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ച 10 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളേക്കാൾ കൂടുതൽ ഫോസില്‍ ഇന്ധന കമ്പനി പ്രതിനിധികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 29 രാജ്യങ്ങൾ തങ്ങളുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഫോസില്‍ ഇന്ധന കമ്പനി പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 33 അംഗങ്ങളാണ് റഷ്യയില്‍ നിന്നുള്ളത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതക പുറംതള്ളല്‍ കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം. ഫോസില്‍ ഇന്ധന വ്യവസായത്തിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുയരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ ഉച്ചകോടികളില്‍ പുകയില ലോബികളെ ക്ഷണിക്കാറില്ല. സമാധാന കണ്‍വെന്‍ഷനുകളില്‍ ആയുധ വ്യാപാരികളെയും പ്രോത്സാഹിപ്പിക്കാറില്ല. ഫോസില്‍ ഇന്ധന വ്യവസായികളെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുക്തിയില്ലെന്നും ഗ്ലോബല്‍ വിറ്റ്നെസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കാലാവസ്ഥാ നയത്തിൽ ഫോസിൽ ഇന്ധന കമ്പനികളുടെ സ്വാധീനം പരിസ്ഥിതി പ്രവര്‍ത്തകരുടെ മാത്രം ആശങ്കയല്ല. ഫോസില്‍ ഇന്ധന ലോബിയിസ്റ്റുകൾക്ക് ധനസഹായം നൽകുന്നതിൽ നിന്ന് കമ്പനികളെ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ യുഎന്‍ പുറത്തിറക്കിയിരുന്നു.

 

Eng­lish Sum­ma­ry: Protest in front of the UN Cli­mate Sum­mit venue demand­ing the expul­sion of fos­sil fuel lobbyists

Exit mobile version