Site icon Janayugom Online

പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുന്നു

ഇഡി വേട്ടയടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും നടപടികള്‍ തടസപ്പെട്ടു.
രാവിലെ സമ്മേളിച്ച രാജ്യസഭ പ്രതിഷേധത്തില്‍ 11.30 വരെ പിരിഞ്ഞു. തുടര്‍ന്ന് സമ്മേളിച്ചപ്പോഴും പ്രതിഷേധം കനത്തതോടെ ഉച്ചതിരിഞ്ഞ് 2.30 വരെ പിരിയുകയാണുണ്ടായത്. ഉച്ചകഴിഞ്ഞ് സമ്മേളിച്ച രാജ്യസഭയില്‍ സ്വകാര്യ ബില്ലവതരണം ഉള്‍പ്പെടെ നടന്നു.
ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം മൂലം സഭാ നടപടികള്‍ തടസപ്പെടുകയും 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സമ്മേളിച്ച ലോക്‌സഭയില്‍ രേഖകള്‍ സഭയുടെ മേശപ്പുറത്ത് വച്ച് പിരിയുകയായിരുന്നു.
കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഭരണ നിര്‍വ്വഹണത്തില്‍ ഘടനാ പരമായ മാറ്റങ്ങള്‍ വരുത്താനുള്ള കോംപറ്റീഷന്‍ ഭേദഗതി ബില്‍, ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഭേദഗതി ബില്‍ എന്നിവ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഊര്‍ജ ഉപഭോഗ ഭേദഗതി ബില്‍ ഇന്നലെ സഭ ചര്‍ച്ച ചെയ്തു.
സിപിഐ അംഗങ്ങളായ ബിനോയ് വിശ്വത്തിന്റെയും പി സന്തോഷ് കുമാറിന്റെയും ഉള്‍പ്പെടെ സ്വകാര്യ ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എംപിമാര്‍ക്ക് സഭാ സമ്മേളനം നടക്കുന്നു എന്ന കാരണത്താല്‍ അറസ്റ്റില്‍ നിന്നും പ്രത്യേക സംരക്ഷണമില്ലെന്ന രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവിന്റെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സമ്മേളനം നടക്കുന്നതിനിടയില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ വിശദീകരണം.

Eng­lish Sum­ma­ry: Protests con­tin­ue in Parliament

You may like this video also

Exit mobile version