സര്‍ക്കാരിന്റെ തീട്ടുരങ്ങള്‍ മറികടന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. വിലക്കയറ്റം, അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളും വിഷയങ്ങളും സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. പ്രതിഷേധം തടയുന്നതിന് രാജ്യസഭാ-ലോക്‌സഭാ സെക്രട്ടേറിയറ്റുകള്‍ പുറപ്പെടുവിച്ച തീട്ടുരങ്ങള്‍ കാറ്റില്‍ പറത്തി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടമാണ് പ്രതിപക്ഷം ഇരുസഭകളിലും നടത്തിയത്. രാവിലെ 11ന് സമ്മേളിച്ച രാജ്യസഭയും ലോക്‌സഭയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തി വച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇരു സഭകളും പിരിയുകയാണുണ്ടായത്.
സിപിഐ നേതാവ് ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിനുള്ളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളുടെ ജിഎസ്‌ടി നിരക്ക് വര്‍ധന, രൂപയുടെ മൂല്യ ശോഷണം, അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
English Summary: Protests in both Houses overriding the central ban
You may like this video also