Site iconSite icon Janayugom Online

രാജ്യതലസ്ഥാനത്ത് രൂക്ഷമായ വായു മലിനീകരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് രൂക്ഷമായ വായു മലിനീകരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷഭരിതമായി .ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.വിദ്യാര്‍ത്ഥികളടക്കമുള്ള കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ ആശങ്ക ഉന്നയിക്കുമ്പോള്‍ ഭരണകൂടം അടിച്ചമര്‍ത്തലിലൂടെയാണ് പ്രതികരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.ആക്ടിവിസ്റ്റുകളെ തടങ്കലിലിട്ടും നിയന്ത്രിച്ചും എതിര്‍പ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 

ഖനന പദ്ധതികള്‍, വനനശീകരണം, പാരിസ്ഥിതിക ലോല പ്രദേശത്തെ വികസന പദ്ധതികള്‍ തുടങ്ങിയ രാജ്യത്തെ വികസന മാതൃകയാണ് മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതെന്നും സംഘം പറഞ്ഞു.അതേസമയം, പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് കണ്ട് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പൊലീസിന് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയെന്നും ന്യൂഡല്‍ഹി പൊലീസ് ആരോപിച്ചു.ഗതാഗതം തടസപ്പെടുത്തിയായിരുന്നു പ്രതിഷേധപ്രകടനം നടന്നത്. നിരവധി ആംബുലന്‍സുകളും മെഡക്കല്‍ ജീവനക്കാരും കുടുങ്ങി കിടക്കുകയാണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ബലപ്രയോഗം നടത്തേണ്ടി വന്നതെന്നാണ് ന്യൂഡല്‍ഹി പൊലീസിന്റെ ഭാഷ്യം.

പ്രതിഷേധക്കാരെ തടയുന്നതിനിടെ ബാരിക്കേഡുകള്‍ തകര്‍ത്തെന്നും നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.സ്ഥലത്തുനിന്നും പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമങ്ങളെ അവര്‍ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് നടുറോഡിലേക്കിറങ്ങി, അവിടെ കുത്തിയിരിപ്പ് നടത്തിയവരെ നീക്കാന്‍ ശ്രമിക്കുമ്പോഴാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.ഇത്തരത്തിലൊരു പ്രതിഷേധം അസാധാരണമാണെന്നും ഗതാഗതവും ക്രമസമാധാനവും പരിപാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആക്രമണമുണ്ടായതെന്നും ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്‌ല മാധ്യമങ്ങളോട് പറഞ്ഞു.പൊലീസുദ്യോഗസ്ഥരുടെ മുഖത്തും കണ്ണിലുമാണ് പെപ്പര്‍ സ്‌പ്രേ അടിച്ചതെന്നും ഇവരെ ആര്‍എല്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version