വിപ്ലവ പ്രസ്ഥാനങ്ങൾ വീരേതിഹാസം രചിച്ച കണ്ണൂരിന്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക ‑കൊടിമര- ദീപശിഖ ജാഥകൾ കാൽടെക്സിൽ നിന്നും ബഹുജനപ്രകടനമായെത്തി ടൗൺ സ്‌ക്വയറിലെ പ്രദീപ് പുതുക്കൂടി നഗറിൽ സംഗമിച്ച ശേഷം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമായി. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ അധ്യക്ഷനായി. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവംഗം കെ ഇ ഇസ്മയിൽ, എഐവൈഎഫ് ദേശീയ പ്രസിഡന്റ് അഫ്‌താബ് ആലംഖാൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, കൃഷിമന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി പി ഷൈജൻ സ്വാഗതവും കെ ആർ ചന്ദ്രകാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിഭാസംഗമം, സംഗീതശില്പം, കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അവതരിപ്പിച്ച കവിതയിൽ വിരിഞ്ഞ മോഹിനിയാട്ടം എന്നിവ അരങ്ങേറി.
ഇന്ന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (റബ്കോ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം പി, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. നാളെ വൈകീട്ട് ആറിന് സമാപനസമ്മേളനം നടക്കും.
english summary;Proud start to AIYF State Conference
you may also like this video;