ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് പിഴ ശിക്ഷ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റെടുത്തതിനു പിന്നാലെ നടത്തിയ അതിരുവിട്ട ആഘോഷമാണ് താരത്തിനു വിനയായത്. മാച്ച് ഫീയുടെ 15 ശതമാനം സിറാജ് പിഴയൊടുക്കണം. ഒരു ഡീ മെറിറ്റ് പോയിന്റും ശിക്ഷയുണ്ട്. താരം ഐസിസി കോഡിലെ ആര്‍ട്ടിക്കിള്‍ 2.5 വയലേറ്റ് ചെയ്തതായാണ് കണ്ടെത്തിയത്.
അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ബാറ്റര്‍ പുറത്താകുമ്പോള്‍ താരത്തിനു നേരെ മോശം ആക്രമണാത്മക പ്രതികരണത്തിനു ഇടയാക്കുന്ന പദപ്രയോഗം, പ്രവൃത്തികള്‍, ആംഗ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് സിറാജ് നിയമം തെറ്റിച്ചതായാണ് കണ്ടെത്തി. താരം കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപടി അനുസരിച്ചുള്ള വിചാരണങ്ങള്‍ അതിനാല്‍ ഉണ്ടാകില്ല. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് താരത്തിനു ഡീ മെറിറ്റ് പോയിന്റ് വീഴുന്നത്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേയും താരത്തിനു ശിക്ഷ ലഭിച്ചിരുന്നു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ വെട്ടിലാക്കിയത് സിറാജായിരുന്നു. ഓപ്പണര്‍ ബെന്‍ ഡക്കറ്റിനേയും ഒലി പോപ്പിനേയും തുടക്കത്തില്‍ താരം മടക്കിയിരുന്നു.

