Site iconSite icon Janayugom Online

മെസിപ്പടയെ വീഴ്ത്തി പിഎസ്ജി

ഇന്റര്‍ മിയാമി ക്ലബ്ബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് ഇന്റര്‍ മിയാമിയെ തോല്പിച്ചത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്റര്‍ മിയാമിക്കായി ലയണല്‍ മെസിയും ലൂയിസ് സുവാരസും പ്ലേയിങ് ഇലവനില്‍ ഇറങ്ങിയിട്ടും ഒരു ഗോള്‍ പോലും നേടാനായില്ല. നാല് ഗോളുകളും ആദ്യപകുതിയിലാണ് പിറന്നത്. മത്സരത്തില്‍ ആറാം മിനിറ്റില്‍ യാവോ നെവസിലൂടെ പിഎസ്ജി മുന്നിലെത്തി. 39-ാം യാവോ നെവസ് തന്നെ വീണ്ടും വലകുലുക്കി. 44-ാം മിനിറ്റില്‍ തോമസ് അവിലാസിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിയുടെ സ്കോര്‍ബോര്‍ഡില്‍ മൂന്നാം ഗോളുമെത്തിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് അഷ്റഫ് ഹക്കീമി നാലാം ഗോളും നേടിയതോടെ ഇന്റര്‍ മിയാമി സമ്മര്‍ദത്തിലായി.

രണ്ടാം പകുതിയില്‍ മെസിയും സംഘവും ആക്രമിച്ചു കളിച്ചു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. പിഎസ്ജിയുടെ പ്രതിരോധത്തിനു മുന്നിൽ ഇന്റർ മിയാമി ഒന്നുമല്ലാതായി. പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം പിഎസ്ജിക്കായിരുന്നു മേധാവിത്തം. പിന്നീട് ഇന്റര്‍ മിയാമിക്ക് ഗോള്‍ നേടാനാകാതിരുന്നതോടെ മത്സരം 4–0ന് പിഎസ്ജി സ്വന്തമാക്കി. 

Exit mobile version