Site iconSite icon Janayugom Online

ഗണ്ണേഴ്സിനെ വീഴ്ത്തി പിഎസ്ജി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ആഴ്സണലിന് സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ തോല്‍വി. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. നാലാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ ക്വച്ച ക്വാറട്‌സ്‌കേലിയ പന്ത് ഡെംബലെയ്ക്ക് നല്‍കി. ഇടംകാലന്‍ ഷോട്ടിലൂടെ താരം ഗണ്ണേഴ്സിന്റെ വലയില്‍ പന്തെത്തിച്ചു. ഈ ഗോളിന് ശേഷവും പിഎസ്ജി ആഴ്സണലിന്റെ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഗോൾകീപ്പർ ഡേവിഡ് റയയുടെ തകർപ്പൻ സേവുകളാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് ആഴ്സണലിനെ രക്ഷിച്ചത്. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈ­ക്കൽ മെറീനോയിലൂടെ ആഴ്സണൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡായി. ഡിസൈർ ഡോവ്, ഗബ്രിയേൽ മാർട്ടിനല്ലി, ലിയാന്‍ഡ്രൊ ട്രൊസാർഡ് എന്നിവര്‍ക്ക് അവസരം ലഭിച്ചെങ്കിലും പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മ അതെല്ലാം തട്ടിയകറ്റി. മത്സരത്തില്‍ 4–3‑3 എന്ന ഫോര്‍മേഷനിലാണ് ആഴ്സണലും പിഎസ്ജിയുമിറങ്ങിയത്. രണ്ടാം പാദം ഈ മാസം എട്ടിന് പാരിസിൽ നടക്കും. 

Exit mobile version