Site icon Janayugom Online

പിഎസ്എല്‍വി ഇനി അഡാനി നിര്‍മ്മിക്കും

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് (പിഎസ്എല്‍വി) നിര്‍മ്മാണം സ്വകാര്യ മേഖലയ്ക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അഡാനി എന്റര്‍പ്രൈസസും ലാര്‍സണ്‍ ടുബ്രോ (എല്‍ ആന്റ് ടി) യും നേതൃത്വം നല്‍കുന്ന രണ്ട് കണ്‍സോര്‍ഷ്യങ്ങളാണ് പിഎസ്എല്‍വി നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.
ബഹിരാകാശ മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) താല്പര്യപത്രം ക്ഷണിച്ചിരുന്നു. 

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എല്‍ ആന്റ് ടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, അഡാനി എന്റര്‍പ്രൈസസ്, ഭാരത് എര്‍ത്ത് മൂവേഴ്സ് എന്നിവ അടങ്ങിയ കണ്‍സോര്‍ഷ്യവുമാണ് താല്പര്യപത്രം സമര്‍പ്പിച്ചതെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് സഭയെ അറിയിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡും താല്പര്യപത്രം സമര്‍പ്പിച്ചതായി എന്‍സിപി എംപി വന്ദന ചവാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. 

വിക്ഷേപണ വാഹനം, സാറ്റലൈറ്റുകള്‍, മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ എന്നിവ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെയാണ് കമ്പനികള്‍ നിര്‍മ്മിച്ചിരുന്നത്. ആദ്യമായാണ് ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ (ഇൻ‑സ്‌പേസ്) ആണ് സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കുന്നത്. 

ബഹിരാകാശ മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനു വേണ്ടി 2020വരെ 48 അപേക്ഷകള്‍ ഇൻ‑സ്‌പേസിന് ലഭിച്ചു. അപേക്ഷകളില്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യന്‍ റോക്കറ്റ് വിക്ഷേപണ രംഗത്തെ പടക്കുതിരയാണ് പിഎസ്എല്‍വി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വികസിപ്പിച്ചെടുത്ത എക്സ്പെൻഡബിൾ (ഒരു തവണമാത്രം ഉപയോഗിക്കാൻ കഴിയുന്നത്) വിഭാഗത്തിൽപ്പെട്ട വിക്ഷേപണ വാഹനമാണിത്.

Eng­lish Summary:PSLV will now be man­u­fac­tured by Adani
You may also like this video

Exit mobile version