പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ ജീവനോടെയുണ്ടെന്ന് സെനറ്റര്‍ ഖുറാം സീഷാന്‍. അദ്ദേഹം നിലവില്‍ അഡിയാല ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പ്രശസ്തിയിലും സ്വാധീന ശേഷിയിലും സൈന്യത്തിന് ഭയമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടാന്‍ അവര്‍ ഭയപ്പെടുന്നതെന്നും സീഷാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാനെ പാകിസ്ഥാനില്‍ നിന്ന് പുറത്താക്കാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് നിലവിലെ ഒറ്റപ്പെടുത്തല്‍ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
റാവല്‍പിണ്ടിയിലെ ജയിലിനുള്ളില്‍ വച്ച് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ച ആദ്യം അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. കോടതി ഉത്തരവുകളുണ്ടായിരുന്നിട്ടും ഇമ്രാന്‍ ഖാന്റെ സഹോദരിയെ അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കാതിരുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങളുടെ അവകാശവാദം.ഒരുമാസത്തിലേറെയായി അദ്ദേഹത്തെ കുടുംബം, പാര്‍ട്ടി, അഭിഭാഷകര്‍ എന്നിവരില്‍ നിന്നെല്ലാം അകറ്റിയിരിക്കുകയാണ്. ആരെയും കാണാന്‍ അനുവദിക്കുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും സീഷാന്‍ പറഞ്ഞു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന ഉറപ്പ് ലഭിച്ചുവെന്നും ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

